ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ മുഹമ്മദ് നബിയുടെ വെടിക്കെട്ട് ബാറ്റിംഗിൽ അഫ്ഗാനിസ്ഥാന് മികച്ച സ്കോർ. അവസാന രണ്ടോവറിൽ 49 റൺസടിച്ച അഫ്ഗാൻ, അവസാന ഓവറിൽ മാത്രം 32 റൺസ് നേടി 20 ഓവറിൽ 169 റൺസിലെത്തി.
അബുദാബി: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ പതിനെട്ടാം ഓവര്‍ വരെ എല്ലാം ശ്രീലങ്കയുടെ നിയന്ത്രണത്തിലായിരുന്നു. നുവാന്‍ തുഷാര പതിനെട്ടാം എറിഞ്ഞ് മടങ്ങുമ്പോള്‍ അഫ്ഗാന്‍ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 120 റണ്‍സ്. എന്നാല്‍ അവസാന രണ്ടോവറില്‍ 49 റണ്‍സടിത്ത മുഹമ്മദ് നബിയും നൂര്‍ അഹമ്മദും ചേര്‍ന്ന് 20 ഓവറില്‍ അഫ്ഗാനെ 169 റണ്‍സിലെത്തിച്ചു. ഇതില്‍ ചമീര എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 17 റണ്‍സടിച്ചപ്പോള്‍ ദുനിത് വെല്ലാലെഗെ എറിഞ്ഞ ഇന്നിംഗ്സിലെ അവസാന ഓവറിലെ ആദ്യ അഞ്ച് പന്തുകളും സിക്സിന് പറത്തിയ വെറ്ററൻ താരം മുഹമ്മദ് നബി അടിച്ചത് 32 റണ്‍സ്. ഇതോടെ ശ്രീലങ്കയുടെ വിജയലക്ഷ്യം 170 റണ്‍സായി. 22 പന്തില്‍ 60 റണ്‍സെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ശ്രീലങ്കക്കായി നുവാൻ തുഷാര നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തു.
തകര്‍പ്പന്‍ തുടക്കം പിന്നെ തകര്‍ച്ച
ടോസ് നേടി ക്രീസിൽ ഇറങ്ങിയ അഫ്ഗാനിസ്ഥാൻ ആദ്യ രണ്ടു ഓവറിൽ 26 വണ്‍സ് അടിച്ച് തകര്‍പ്പൻ തുടക്കമിട്ടെങ്കിലും മൂന്നാം ഓവറിൽ മുതൽ തകര്‍ച്ചയിലായി. ഓപ്പണർ റഹ്മാനുള്ള ഗുർബാസിനെ വീഴ്ത്തിയ നുവാന്‍ തുഷാരയാൻ് അഫ്ഗാനിസ്ഥാന് ആദ്യ തിരിച്ചടി നൽകിയത്. പിന്നാലെ സേദിഖുള്ള അടലിനെയും കരീം ജന്നത്തിനെയം തുഷാര മടക്കുമ്പോള്‍ അഫ്ഗാന്‍ സ്കോര്‍ 40 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുുള്ളു. ഇബ്രാഹിം സര്‍ദ്രാന്‍ അഫ്ഗാനെ 50 കടത്തിയെങ്കിും വെല്ലാലെഗെയ്ക്ക് മുന്നില്‍ വീണു. ഡാര്‍വിഷ് റസൂല്‍(9), അസ്മത്തുള്ള ഒമര്‍സായി(6) എന്നിവരും പൊരുതാതെ മടങ്ങിയപ്പോള്‍ ആദ്യം ക്യാപ്റ്റന്‍ റാഷിദ് ഖാനൊപ്പം ചേര്‍ന്ന്(23 പന്തില്‍ 24) അഫ്ഗാനെ 100 കടത്തിയ നബി അവസാനം നൂര്‍ അഹമ്മദിനൊപ്പം ചേര്‍ന്ന് അഫ്ഗാന് മികച്ച സ്കോര്‍ സമ്മാനിച്ചു.
20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച നബി അഫ്ഗാനിസ്ഥാന് വേണ്ടി ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന താരമെന്ന അസ്മത്തുള്ള ഒമര്‍സായിയുടെ റെക്കോര്‍ഡിനൊപ്പമെത്തി. ശ്രീലങ്കക്ക് വേണ്ടി തുഷാര നാലു വിക്കറ്റെടുത്തപ്പോള്‍ ചമീര നാലോവറില്‍ 50 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വെല്ലാലെഗെ നാലോവറില്‍ 49 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു.


