ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക സൂപ്പര്‍ ഫോറില്‍.അഫ്ഗാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക, കുശാല്‍ മെന്‍ഡിസിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
അബുദാബി: ആവേശപ്പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് വീഴ്ത്തി ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി ഏഷ്യാ കപ്പിന്‍റെ സൂപ്പര്‍ ഫോറിലെത്തി. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം കുശാല്‍ മെന്‍ഡിസിന്‍റെ അപരാജിത അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറിൽ മറികടന്നു. 52 പന്തില്‍ 74 റണ്‍സുമായി കുശാല്‍ മെന്‍ഡിസ് പുറത്താകാതെ നിന്നപ്പോള്‍ 13 പന്തില്‍ 26 റണ്‍സുമായി കാമിന്ദു മെന്‍ഡിസിന് വിജയത്തില്‍ കൂട്ടായി. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ശ്രീലങ്കയും ബംഗ്ലാദേശും സൂപ്പര്‍ ഫോറിലെത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്താതെ പുറത്തായി. സ്കോര്‍ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 169-8, ശ്രീലങ്ക 18.4 ഓവറില്‍ 171-4
170 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്കക്ക് മൂന്നാം ഓവറില്‍ തിരിച്ചടി നേരിട്ടു. ആറ് റണ്‍സെടുത്ത പാതും നിസങ്കയെ വീഴ്ത്തിയ അസ്മത്തുള്ള ഒമര്‍സായി ലങ്കക്ക് ആദ്യ തിരിച്ചടി നല്‍കി. പവര്‍ പ്ലേ തീരും മുമ്പ് കാമില്‍ മിഷാറയും വീണു. എന്നാല്‍ കുശാല്‍ മെന്‍ഡിസും കുശാല്‍ പെരേരയും ചേര്‍ന്ന് ലങ്കയെ കരകയറ്റി. സ്കോര്‍ 92ല്‍ നില്‍ക്കെ കുശാല്‍ പെരേരെയെ മടക്കിയ മുജീബ് ഉര്‍ റഹ്മാന്‍അഫ്ഗാന് പ്രതീക്ഷ നല്‍കി. പിന്നാലെ ചരിത് അസലങ്കയെ(17) നൂര്‍ അഹമ്മദ് വീഴ്ത്തിയങ്കിലും കുശാല്‍ മെന്‍ഡിസും കാമിന്ദും മെന്‍ഡിസും ചേര്‍ന്ന് ലങ്കയെ വിജയവര കടത്തി. തോല്‍വിയോടെ അഫ്ഗാന്‍ സൂപ്പര്‍ ഫോറിലെത്താതെ പുറത്തായപ്പോള്‍ ശ്രീലങ്കക്കൊപ്പം ബംഗ്ലാദേശ് സൂപ്പര്‍ ഫോറിലെത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ വെറ്ററന്‍ കാരം മുഹമ്മദ് നബിയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ ബലത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. പതിനെട്ടാം ഓവര്‍ വരെ ശ്രീലങ്കയുടെ നിയന്ത്രണത്തിലായിരുന്ന കളി അവസാന രണ്ടോവറിലാണ് നബി മാറ്റിമറിച്ചത്. നുവാന്‍ തുഷാര പതിനെട്ടാം എറിഞ്ഞ് മടങ്ങുമ്പോള്‍ അഫ്ഗാന്‍ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 120 റണ്‍സ്. എന്നാല്‍ അവസാന രണ്ടോവറില്‍ 49 റണ്‍സടിത്ത മുഹമ്മദ് നബിയും നൂര്‍ അഹമ്മദും ചേര്‍ന്ന് 20 ഓവറില്‍ അഫ്ഗാനെ 169 റണ്‍സിലെത്തിച്ചു. ഇതില്‍ ചമീര എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 17 റണ്‍സടിച്ചപ്പോള്‍ ദുനിത് വെല്ലാലെഗെ എറിഞ്ഞ ഇന്നിംഗ്സിലെ അവസാന ഓവറിലെ ആദ്യ അഞ്ച് പന്തുകളും സിക്സിന് പറത്തിയ വെറ്ററൻ താരം മുഹമ്മദ് നബി അടിച്ചത് 32 റണ്‍സ്. ഇതോടെ ശ്രീലങ്കയുടെ വിജയലക്ഷ്യം 170 റണ്‍സായി. 22 പന്തില്‍ 60 റണ്‍സെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ശ്രീലങ്കക്കായി നുവാൻ തുഷാര നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തു.


