രാജ്യാന്തര ക്രിക്കറ്റില്‍ ഏഴ് സെഞ്ചുറികളാണ് ലഹിരു തിരിമന്നെയുടെ പേരിലുള്ളത്
കൊളംബോ: ശ്രീലങ്കന്‍ ബാറ്റര്‍ ലഹിരു തിരിമന്നെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലങ്കയ്‌ക്കായി 44 ടെസ്റ്റും 127 ഏകദിനങ്ങളും 26 രാജ്യാന്തര ടി20 മത്സരങ്ങളും കളിച്ച മുപ്പത്തിമൂന്നുകാരനായ താരം 13 വര്‍ഷം നീണ്ട കരിയറിനാണ് വിരാമമിട്ടിരിക്കുന്നത്. ഫേസ്‌ബുക്കിലൂടെയാണ് തിരിമന്നെയുടെ വിരമിക്കല്‍ പ്രഖ്യപനം. ടെസ്റ്റില്‍ 2088 ഉം, ഏകദിനത്തില്‍ 3194 ഉം, രാജ്യാന്തര ടി20യില്‍ 291 റണ്‍സുമാണ് താരത്തിന്‍റെ സമ്പാദ്യം. രാജ്യാന്തര ക്രിക്കറ്റില്‍ ഏഴ് സെഞ്ചുറികളാണ് തിരിമന്നെയുടെ പേരിലുള്ളത്.
'താരമെന്ന നിലയില്‍ ഏറ്റവും മികച്ച പ്രകടനം ഞാന്‍ പുറത്തെടുക്കാന്‍ പരിശ്രമിച്ചു. ഏറ്റവും ഗംഭീര പരിശ്രമം നടത്തി. സ്വന്തം മണ്ണിനായി നീതിപൂര്‍വം കര്‍ത്തവ്യം പൂര്‍ത്തിയാക്കി. വിരമിക്കാനുള്ള തീരുമാനം ഏറെ സങ്കടകരമാണ്. പല കാരണങ്ങളും ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനും പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും ഫിസിയോമാര്‍ക്കും ട്രെയിനര്‍മാര്‍ക്കും അനലിസ്റ്റുകള്‍ക്കും എല്ലാ പിന്തുണയ്‌ക്കും പ്രചോദനത്തിനും നന്ദി പറയാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുകയാണ്' എന്നുമാണ് ലഹിരു തിരിമന്നെ ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
2010ല്‍ ഏകദിന ഫോര്‍മാറ്റിലൂടെയാണ് ഇടംകൈയന്‍ ബാറ്ററായ ലഹിരു തിരിമന്നെ രാജ്യാന്തര ക്രിക്കറ്റിലേക്ക് വരവറിയിച്ചത്. ആദ്യമായി 2011ല്‍ ടെസ്റ്റും 2012ല്‍ ടി20യും കളിച്ചു. മിര്‍പൂരില്‍ ഇന്ത്യക്കെതിരെയായിരുന്നു അരങ്ങേറ്റം. 2013ല്‍ ഓസീസിനെതിരെ അഡ്‌ലെയ്‌ഡില്‍ ആദ്യ സെഞ്ചുറി നേടി. ലങ്കയുടെ ഏഷ്യാ കപ്പ് വിജയത്തില്‍ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ താരം ടി20 ലോകകപ്പ് നേടിയ ടീമിലംഗമായിരുന്നു. 2015ല്‍ ലോകകപ്പ് സെഞ്ചുറിയടക്കം 861 റണ്‍സ് നേടിയതാണ് കരിയറിലെ ഏറ്റവും മികച്ച വര്‍ഷം. കഴിഞ്ഞ വര്‍ഷത്തോടെ ടെസ്റ്റ് ടീമില്‍ നിന്ന് താരം പുറത്തായിരുന്നു. അവസാന ഏകദിനം കളിച്ചത് 2019ലും ടി20ല്‍ ഇറങ്ങിയത് 2016ലുമാണ്.
