കൊളംബോ: കൊളംബൊ: 2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ശ്രീലങ്ക മത്സരം ഒത്തുകളിയാണെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി  മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തെത്തുടര്‍ന്ന് ശ്രീലങ്കന്‍ പോലീസ് തുടങ്ങിയ അന്വേഷണം അവസാനിപ്പിച്ചു. തെളിവുകളില്ലെന്ന കാരണത്താലാണ് ലങ്കന്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് കായിക സെക്രട്ടറിക്ക് കൈമാറുമെന്നും മുന്‍ കായികമന്ത്രിയുടെ ആരോപണങ്ങള്‍ തെളിയിക്കാനുള്ള തെളിവുകളൊന്നും ലഭിച്ചില്ലെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായ ജഗത് ഫോന്‍സെക പറഞ്ഞു.

തെളിവുകളൊന്നും ഇല്ലാത്തതിനാല്‍ ഇനി കൂടുതല്‍ കളിക്കാരെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഫോന്‍സെക വ്യക്തമാക്കി. ഫൈനലിനുള്ള ടീമില്‍ അവസാന നിമിഷം നാലു മാറ്റങ്ങള്‍ വരുത്താനുള്ള കാരണം കളിക്കാര്‍ വിശദീകരിച്ചിരുന്നു. അത് തൃപ്തികരമാണ്. അതുകൊണ്ടുതന്നെ കളിക്കാരെ എല്ലാവരെയും വിളിച്ചുവരുത്തി ഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അത് അനാവശ്യ വിവാദത്തിന് കാരണമാകുമെന്നും ഫോന്‍സെക പറഞ്ഞു.


മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തിന് പിന്നാലെ അന്വേഷണം ആരംഭിച്ച ശ്രീലങ്കന്‍ പോലീസ് ഫൈനലില്‍ ലങ്കന്‍ നായകനായിരുന്ന കുമാര്‍ സംഗക്കാര, ഫൈനലില്‍ ലങ്കക്കായി സെഞ്ചുറി നേടിയ മഹേല ജയവര്‍ധനെ, ഫൈനലില്‍ ലങ്കന്‍ ഓപ്പണറായിരുന്ന ഉപുല്‍ തരംഗ, ടീമിന്റെ മുഖ്യ സെലക്ടററായിരുന്ന അരവിന്ദ ഡിസില്‍വ എന്നിവരെ ചോദ്യംചെയ്തിരുന്നു. സംഗക്കാരയെ പത്തുമണിക്കൂറോളം ചോദ്യം ചെയ്യതതിന് പിന്നാലെ രാജ്യത്തിന്റെ അഭിമാന താരങ്ങളെ വേട്ടയാടുന്നതിനിതിരെ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു.

ഇന്നലെ സംഗക്കാരെയ ചോദ്യം പിന്നാലെയാണ് സമാഗി ജന ബലവേഗയ പാര്‍ട്ടി(എസ്ജെബി) യുടെ യുവജന വിഭാഗം കായികമന്ത്രാലയത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. എസ് ജെ ബി പാര്‍ട്ടിയുടെ പ്രധാനമന്ത്രിയ സ്ഥാനാര്‍ഥിയായ സജിത് പ്രേമദാസയും സംഗക്കാരക്കും ജയവര്‍ധനക്കും പിന്തുണയുമായി രംഗത്തെത്തി. സംഗക്കാരയെയും ജയവര്‍ധനയെയും തുടര്‍ച്ചയായി വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമാണെന്നും പ്രേമദാസ ട്വിറ്ററില്‍ വ്യക്തമാക്കി.


ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന 2011ലെ ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് ആരോപിച്ചത്. ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ആരോപണത്തില്‍ മിദനാന്ദയുടെ മൊഴി അന്വേഷണസംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തോട് ആരോപണങ്ങള്‍ തന്റെ സംശയം മാത്രമാണെന്നും അത് തെളിയിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും പറഞ്ഞ് മന്ത്രി നിലപാട് മയപ്പെടുത്തുകയും ചെയ്തു.

ലങ്കന്‍ കായികമന്ത്രി ഡള്ളാസ് അലാഹ്‌പെരുമ ആണ് മുന്‍ കായിക മന്ത്രിയുടെ ആരോപണത്തിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഓരോ രണ്ടാഴ്ചയും അന്വേഷണ പുരോഗതി അറിയിക്കണമെന്നും മന്ത്രി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.ഫൈനലില്‍ കമന്റേറ്ററായിരുന്നു ശ്രീലങ്കന്‍ മുന്‍ നായകന്‍ അര്‍ജുന രണതുംഗയും മത്സരം ഒത്തുകളിയാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും മുമ്പ് പറഞ്ഞിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. എന്നാല്‍ 49-ാംം ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.