ഗോള്‍ ടെസ്റ്റിന്‍റെ നാലാം ദിനം ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തിൽ 368 റൺസെന്ന നിലയിലാണ് ബാറ്റിംഗ് പുനരാരംഭിച്ചത്
ഗാള്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ലീഡ് നേടാനുള്ള ശ്രീലങ്കയുടെ ശ്രമം വിഫലം. ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 495 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 131.2 ഓവറില്‍ 485 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇതോടെ ബംഗ്ലാദേശ് 10 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കി. അവസാന 7.2 ഓവറിനിടെ 20 റണ്‍സിന് നാല് വിക്കറ്റുകള്‍ നഷ്ടമായതാണ് ലങ്കയ്ക്ക് തിരിച്ചടിയായത്. 148 പന്തുകളില്‍ 87 റണ്‍സുമായി പൊരുതിയ ലങ്കയുടെ കമിന്ദു മെന്‍ഡിന്‍റെ പോരാട്ടം പാഴായി. മറുവശത്ത് ബംഗ്ലാദേശിനായി നയീം ഹസന്‍ അഞ്ചും ഹസന്‍ മഹ്‌മൂദ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
കമിന്ദു മെൻഡിസിന്‍റെ പോരാട്ടം വിഫലം
നാലാം ദിനം ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തിൽ 368 റൺസെന്ന നിലയിലാണ് ബാറ്റിംഗ് പുനരാരംഭിച്ചത്. 37 റൺസുമായി കമിന്ദു മെൻഡിസും 17 റൺസുമായി ക്യാപ്റ്റന്‍ ധനഞ്ജയ ഡി സിൽവയുമായിരുന്നു ക്രീസില്‍. ധനഞ്ജയ ഡി സിൽവ 36 പന്തില്‍ 19 റണ്‍സും, വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് 17 പന്തില്‍ അഞ്ച് റണ്‍സുമെടുത്ത് പുറത്തായപ്പോള്‍ മിലന്‍ രത്നനായകെ 83 പന്തുകള്‍ പ്രതിരോധിച്ച് 39 റണ്‍സുമായി കമിന്ദുവിനൊപ്പം പോരാടി. എന്നാല്‍ വ്യക്തിഗത സ്കോര്‍ 87ല്‍ നില്‍ക്കേ കമിന്ദു മെന്‍ഡിസ് പുറത്തായതോടെ ലങ്ക അടിയറവ് പറയുകയായിരുന്നു. തരിന്ദു രത്നനായകെ പൂജ്യത്തിലും, അസിത ഫെര്‍ണാണ്ടോ നാല് റണ്‍സിലും മടങ്ങി. പ്രബത് ജയസൂര്യ 13 പന്തുകളില്‍ 11 റണ്‍സുമായി പുറത്താവാതെ നിന്നു. ലങ്കന്‍ മധ്യനിരയെയും വാലറ്റത്തെയും നയീം-ഹസന്‍ സഖ്യമാണ് എറിഞ്ഞിട്ടത്.
മൂന്നാംദിനം 256 പന്തുകളില്‍ 187 റൺസെടുത്ത് പുറത്തായ ഓപ്പണര്‍ പാതും നിസങ്ക ലങ്കയ്ക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. സഹ ഓപ്പണര്‍ ലഹിരു ഉഡാര 29 ഉം, വണ്‍ഡൗണ്‍ ബാറ്റര്‍ ദിനേശ് ചന്ദിമല്‍ 54 റണ്‍സുമെടുത്തു. വിടവാങ്ങൽ മത്സരം കളിക്കുന്ന ഓള്‍റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസ് 39 റൺസിന് പുറത്തായി. ക്രീസിലെത്തിയപ്പോള്‍ മാത്യൂസിനെ ബംഗ്ലാദേശ് താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു.
ബംഗ്ലാദേശ് കടുവകളുടെ കരകയറല്‍
നേരത്തെ, ക്യാപ്റ്റന്‍ നജ്‌മുല്‍ ഹൊസൈന്‍ ഷാന്‍റോയും സീനിയര്‍ താരം മുഷ്‌ഫീഖുര്‍ റഹീമും നേടിയ തകര്‍പ്പന്‍ സെഞ്ചുറികളും, ലിറ്റണ്‍ ദാസിന്‍റെ ശതകത്തോളം പോന്ന പോരാട്ടവുമാണ് ബംഗ്ലാദേശിന് ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച സ്കോര്‍ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 153.4 ഓവറില്‍ 495 റണ്‍സെടുത്തു. ഷാന്‍റോ 279 പന്തുകളില്‍ 148 ഉം, മുഷ്‌ഫീഖുര്‍ 350 പന്തുകളില്‍ 163 ഉം റണ്‍സെടുത്തു. 45 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായ ബംഗ്ലാ കടുവകളെ ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 264 റണ്‍സ് കൂട്ടുകെട്ടുമായി കരകയറ്റുകയായിരുന്നു. ലിറ്റണ്‍ 123 പന്തില്‍ 90 റണ്‍സെടുത്ത് അപ്രതീക്ഷിതമായി പുറത്തായി. ലങ്കയ്ക്കായി അസിത ഫെര്‍ണാണ്ടോ നാലും മിലന്‍ രത്നനായകെയും തരിന്ദു രത്നനായകെയും മൂന്ന് വീതം വിക്കറ്റുകളും സ്വന്തമാക്കി.


