ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്. മഴമൂലം കളി നിര്‍ത്തിവെക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ്. സ്മിത്തും ഖവാജയും സെഞ്ചുറി നേടി.

ഗോള്‍: ശ്രീലങ്കക്കെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്. മഴമൂലം ഒന്നാം ദിനം 81.1 ഓവറുകള്‍ക്ക് ശേഷം കളി നിര്‍ത്തിവെക്കുമ്പോള്‍ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെന്ന ശക്തമായ നിലയിലാണ്. 104 റണ്‍സുമായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും 147 റണ്‍സോടെ ഉസ്മാന്‍ ഖവാജയും ക്രീസില്‍. ഓപ്പണറായി ഇറങ്ങിയ ട്രാവിസ് ഹെഡിന്‍റെയും മാര്‍നസ് ലാബുഷെയ്നിന്‍റെയും വിക്കറ്റുകള്‍ മാത്രമാണ് ഓസീസിന് ആദ്യദിനം നഷ്ടമായത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടതിനൊപ്പം 35-ാം സെഞ്ചുറി തികച്ച ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഓസീസിനെ മുന്നില്‍ നിന്ന് നയിച്ചു. ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസിന് പുതിയ ഓപ്പണര്‍ ട്രാവിസ് ഹെഡ് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഏകദിനശൈലിയില്‍ ബാറ്റുവീശിയ ഹെഡ് 40 പന്തില്‍ 10 ഫോറും ഒരു സിക്സും പറത്തി 57 റണ്‍സെടുത്തപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ ഹെഡ്-ഖവാജ സഖ്യം 14.3 ഓവറില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്.

ഹെഡ് മടങ്ങിയശേഷം ക്രീസിലെത്തിയ മാര്‍നസ് ലാബുഷെയ്നിന് ഫോമിലാവാന്‍ കഴിഞ്ഞില്ല. 50 പന്തില്‍ 20 റണ്‍സെടുത്ത ലാബുഷെയ്നിനെ വാന്‍ഡര്‍സെയുടെ പന്തില്‍ ധനഞ്ജയ ഡിസില്‍വ ക്യാച്ചെടുത്ത് പുറത്താക്കുമ്പോള്‍ ഓസീസ് സ്കോര്‍ 135ല്‍ എത്തിയതെ ഉണ്ടായിരുന്നുള്ളു. മൂന്നാം വിക്കറ്റില്‍ ക്രീസില്‍ ഒരുമിച്ച ഖവാജയയും സ്മിത്തും ചേര്‍ന്ന് ഓസീസിനെ സുരക്ഷിത സ്കോറിലേക്ക് നയിച്ചു. ഇന്ത്യക്കെതിരായ പരമ്പരയില്‍ നിരാശപ്പെടുത്തിയ ഖവാജ പതിനാറാം ടെസ്റ്റ് സെഞ്ചുറി കുറിച്ചപ്പോള്‍ പാറ്റ് കമിന്‍സിന് പകരം പരമ്പരയില്‍ ഓസീസിനെ നയിക്കുന്ന സ്റ്റീവ് സ്മിത്ത് 35-ാം സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ ഭാഗമാണ് പരമ്പരയെങ്കിലും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും നേരത്തെ ഫൈനല്‍ സ്ഥാനം ഉറപ്പിച്ചതിനാല്‍ പരമ്പരയുടെ ഫലം പ്രസക്തമല്ല.