നേരത്തെ 484-9 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലറങ്ങിയ ബംഗ്ലാദേശ് 495 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 163 റണ്‍സെടുത്ത മുഷ്ഫീഖുര്‍ റഹീമാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറാറയത്.

ഗോള്‍: ബംഗ്ലാദേശിനെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചടിച്ച് ശ്രീലങ്ക. ഓപ്പണര്‍ പാതും നിസങ്കയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 495 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സെന്ന ശക്തമായ നിലയിലെത്തി. ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ശ്രീലങ്കക്ക് 127 റണ്‍സ് കൂടി മതി. 187 റണ്‍സെടുത്ത പാതും നിസങ്ക പുറത്തായപ്പോള്‍ 37 റണ്‍സുമായി കമിന്ദു മെന്‍ഡിസും 17 റണ്‍സോടെ ക്യാപ്റ്റൻ ധന‍ഞ്ജയ ഡിസില്‍വയുമാണ് ക്രീസില്‍. ദിനേശ് ചണ്ഡിമല്‍ 54 റണ്‍സെടുത്തു. വിടവാങ്ങള്‍ ടെസ്റ്റ് കളിക്കുന്ന ഏയ്ഞ്ചലോ മാത്യൂസ് 39 റണ്‍സെടുത്ത് പുറത്തായി.

നേരത്തെ 484-9 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലറങ്ങിയ ബംഗ്ലാദേശ് 495 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.163 റണ്‍സെടുത്ത മുഷ്ഫീഖുര്‍ റഹീമാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറാറയത്. ക്യാപ്റ്റൻ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോ 148 റണ്‍സടിച്ചപ്പോൾ ലിറ്റൺ ദാസ് 90 റണ്‍സെടുത്തു. 32 റണ്‍സെടുക്കുന്നതിനിടെയാണ് ബംഗ്ലാദേശിന് അവസാന അഞ്ച് വിക്കറ്റുകള്‍ നഷ്ടമായത്. ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ നാലും രത്നായകയെയും താരിന്ദു രത്നായകയെയും മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി.

ബംഗ്ലാദേശിന്‍റെ കൂറ്റന്‍ സ്കോറിന് മറുപടി പറയാനിറങ്ങിയ ലങ്കക്ക് സ്കോര്‍ 47ല്‍ നില്‍ക്കെ ഓപ്പണര്‍ ലാഹിരു ഉദാരയുടെ(29) വിക്കറ്റ് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ നിസങ്കയും ചണ്ഡിമലും ചേര്‍ന്ന് 157 റണ്‍സ് കൂട്ടുകെട്ടിലൂടെ ലങ്കയ്ക്ക് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു. 54 റണ്‍സെടുത്ത ചണ്ഡിമല്‍ പുറത്തായശേഷം ഏയ്ഞ്ചലോ മാത്യൂസുമൊത്ത് നിസങ്ക 89 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. 256 പന്തില്‍ 187 റണ്‍സടിച്ച നിസങ്ക 23 ബൗണ്ടറിയും ഒരു സിക്സും പറത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക