എ ടീമും ഇന്ത്യൻ സീനിയര്‍ ടീമുമായുള്ള പരിശീലന മത്സരത്തില്‍ സെഞ്ചുറി നേടിയ ഷാര്‍ദ്ദുല്‍ താക്കൂര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ മറികടന്ന് പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്.

ലീഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ ലീഡ്സില്‍ തുടക്കമാകുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍, ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ടീം സംബന്ധിച്ച് വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത് സൂചന നല്‍കിയിരുന്നെങ്കിലും നിര്‍ണായക മൂന്നാം നമ്പറില്‍ ആരിറങ്ങുമെന്ന് വ്യക്തമാക്കിയിരുന്നില്ല.

കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 1789 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായ യശസ്വി ജയ്സ്വാള്‍ ഓപ്പണറായി ഇറങ്ങുമ്പോള്‍ സഹ ഓപ്പണറായി കെ എല്‍ രാഹുല്‍ തന്നെ ഇറങ്ങുമെന്നുറപ്പാണ്. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ നാലാം നമ്പറിലും താന്‍ അഞ്ചാമതും ബാറ്റു ചെയ്യുമെന്നാണ് റിഷഭ് പന്ത് ഇന്നലെ വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കാന്‍ സാധ്യതയില്ല. നിര്‍ണായക മൂന്നാം നമ്പറില്‍ മലയാളി താരം കരുണ്‍ നായര്‍ ഇറങ്ങനാണ് സാധ്യത. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ കരുണ്‍ മൂന്നാം നമ്പറിലിറങ്ങി ഇരട്ട സെഞ്ചുറി നേടിയിരുന്നു. നാലാം നമ്പറില്‍ ഗില്ലും അഞ്ചാമനായി റിഷഭ് പന്തും ഇറങ്ങുമ്പോള്‍ രവീന്ദ്ര ജഡേജയാകും ആറാം നമ്പറില്‍ എന്നാണ് കരുതുന്നത്.

എ ടീമും ഇന്ത്യൻ സീനിയര്‍ ടീമുമായുള്ള പരിശീലന മത്സരത്തില്‍ സെഞ്ചുറി നേടിയ ഷാര്‍ദ്ദുല്‍ താക്കൂര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ മറികടന്ന് പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്. സ്പിന്നര്‍മാരെ കളിപ്പിക്കുന്നതില്‍ ഇംഗ്ലണ്ടിനുള്ള ബലഹീനതയും ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് കരുത്തും കണക്കിലെടുത്ത് ഒരു സ്പിന്നറെ കൂടി കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനിലെത്തും.

പേസര്‍മാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും പ്ലേയിംഗ് ഇലവനിലെത്തുമ്പോള്‍ മൂന്നാം പേസറായി ബൗളിംഗ് വൈവിധ്യം കണക്കിലെടുത്ത് അര്‍ഷ്ദീപ് സിംഗിന് അവസരം നല്‍കിയാലും അത്ഭുതപ്പെടാനില്ല. അര്‍ഷ്ദീപ് പ്ലേയിംഗ് ഇലവനിലെത്തിയാല്‍ പ്രസിദ്ധ് കൃഷ്ണയാകും പുറത്താകുക.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഷാര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.