പല്ലേകെലേ: ശ്രീലങ്ക- ബംഗ്ലാദേശ് ഒന്നം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. സ്‌കോര്‍: ബംഗ്ലാദേശ് 541/7 & 100/2. ശ്രീലങ്ക 648/8. ആതിഥേയരായ ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 107 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. പിന്നാലെ അവസാന ദിനം  രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ബംഗ്ലാദേശ് രണ്ടിന് 100 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും വെളിച്ചക്കുറവ് കാരണം മത്സരം നേരത്തെ നിര്‍ത്തിയിരുന്നു. രണ്ട് മത്സരങ്ങളാണ് പരമ്പയിലുള്ളത്.

സ്റ്റംപെടുക്കുമ്പോള്‍ തമീം ഇക്ബാല്‍ (74), മൊമിനുള്‍ ഹഖ് (23) എന്നിവരായിരുന്നു ക്രീസില്‍. സെയ്ഫ് ഹസന്‍ (1), നജ്മുല്‍ ഹസന്‍ ഷാന്റോ (0) എന്നിവരുടെ വിക്കറ്റുകളാണ് ബംഹഗ്ലാദേശിന് നഷ്ടമായത്. സുരംഗ ലക്മല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ദിമുത് കരുണാരത്‌നെ (244), ധനഞ്ജയ ഡി സില്‍വ (166) എന്നിവരുടെ ഇന്നിങ്‌സാണ് ശ്രീലങ്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ലാഹിരു തിരിമാനെ (58), വാനിഡു ഹസരങ്ക (43) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ടസ്‌കിന്‍ അഹമ്മദ് ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തു ബംഗ്ലാദേശിന് നജ്മുല്‍ ഹസന്‍ ഷാന്റോ (163), ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ് (127) എന്നിവരുടെ സെഞ്ചുറിയാണ് കൂറ്റന്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. തമീം (90), മുഷ്ഫിഖര്‍ റഹീം (പുറത്താവാതെ 68), ലിറ്റണ്‍ ദാസ് (50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. വിശ്വ ഫെര്‍ണാണ്ടോ ശ്രീലങ്കയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തി.