കൊളംബോ: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ശ്രീലങ്ക പൊരുതുന്നു. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 249 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെന്ന നിലയിലാണ്. 39 റണ്‍സുമായി നിരോഷന്‍ ഡിക്ക്‌വെല്ലയും 28 റണ്‍സുമായി സുരംഗ ലക്‌മലുമാണ് ക്രീസില്‍. പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഡിക്ക്‌വെല്- ലക്‌മല്‍ സഖ്യം 66 റണ്‍സെടുത്തിട്ടുണ്ട്.

ഒരുഘട്ടത്തില്‍ 161/7 ലേക്ക് കൂപ്പുകുത്തിയ ലങ്ക ലീഡ് വഴങ്ങുമെന്ന് കരുതിയെങ്കിലും വാലറ്റത്ത് പൊരുതി നിന്ന ഇരുവരും ചേര്‍ന്ന് കിവീസിന്റെ വലിയ ലീഡെന്ന പ്രതീക്ഷകളെ പ്രതിരോധിച്ചുനിന്നു. എയ്‍ഞ്ചലോ മാത്യൂസ്(50), ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ(39), കുശാല്‍ മെന്‍ഡിസ്(53) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ലങ്കയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. കിവീസിനായി അജാസ് പട്ടേല്‍ അഞ്ച് വിക്കറ്റെടുത്തു.

നേരത്തെ 203/5 എന്ന സ്കോറില്‍ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കിവീസ് 249 റണ്‍സിന് പുറത്തായിരുന്നു.86 റണ്‍സെടുത്ത റോസ് ടെയ്‌ലറാണ് കിവീസിന്റെ ടോപ് സ്കോറര്‍. ലങ്കക്കായി അഖില ധനഞ്ജയ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ സുരംഗ ലക്മല്‍ നാലു വിക്കറ്റെടുത്തു.