ആദ്യ മത്സരത്തിലെ ഹീറോ അബ്ദുള്ള ഷഫീഖിനെ(0) ആദ്യ ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ പാക്കിസ്ഥാന് നഷ്ടമായി. ഇമാമുള്‍ ഹഖും(32) ക്യാപ്റ്റന്‍ ബാബര്‍ അസമും(16) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇമാമിനെ ധനഞ്ജയ ഡിസില്‍വയും ബാബറിനെ പ്രഭാത് ജയസൂര്യയും വീഴ്ത്തി.

ഗോള്‍: ശ്രീലങ്കക്കെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 378 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ക്രിസിലിറങ്ങിയ പാക്കിസ്ഥാന്‍ കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 187 റണ്‍സിന് പുറകിലാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍. 13 റണ്‍സോടെ യാസിര്‍ ഷായാണ് ക്രീസില്‍. മൂന്ന് വിക്കറ്റെടുത്ത രമേഷ് മെന്‍ഡിസും രണ്ട് വിക്കറ്റ് വീഴ്ത്തിയ പ്രഭാത് ജയസൂര്യയുമാണ് പാക്കിസ്ഥാനെ കറക്കി വീഴ്ത്തിയത്.

നേരത്തെ ആദ്യ ദിനം 315-6 എന്ന സ്കോറില്‍ ബാറ്റിംഗ് പുനരാരംഭിച്ച ലങ്ക ഒന്നാം ഇന്നിംഗ്സില്‍ 378 റണ്‍സിന് പുറത്തായി. 80 റണ്‍സെടുത്ത ദിനേശ് ചണ്ഡിമലാണ് ലങ്കയുടെ ടോപ് സ്കോറര്‍. ഓപ്പണര്‍ ഓഷാഡ ഫെര്‍ണാണ്ടോ(50), നിരഷന്‍ ഡിക്‌വെല്ല(51)ഏയ്ഞ്ചലോ മാത്യൂസ്(42), രമേശ് മെന്‍ഡിസ്(35), ധനഞ്ജയ ഡിസില്‍വ(33) എന്നിവര്‍ ലങ്കക്കായി ബാറ്റിംഗില്‍ തിളങ്ങി.പാക്കിസ്ഥാനുവേണ്ടി യാസിര്‍ ഷായും നസീം ഷായും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് നവാസ് രണ്ട് വിക്കറ്റെടുത്തു.

റണ്‍കുതിപ്പ് തുടര്‍ന്ന് ബാബര്‍ അസം; ടെസ്റ്റില്‍ 3000 റണ്‍സ് ക്ലബില്‍

മറുപടി ബാറ്റിംഗ് തുടങ്ങിയ പാക്കിസ്ഥാന് സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ മത്സരത്തിലെ ഹീറോ അബ്ദുള്ള ഷഫീഖിനെ(0) ആദ്യ ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ പാക്കിസ്ഥാന് നഷ്ടമായി. ഇമാമുള്‍ ഹഖും(32) ക്യാപ്റ്റന്‍ ബാബര്‍ അസമും(16) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇമാമിനെ ധനഞ്ജയ ഡിസില്‍വയും ബാബറിനെ പ്രഭാത് ജയസൂര്യയും വീഴ്ത്തി. മുഹമ്മദ് റിസ്‌വാനെയും(24), ഫവാദ് ആലത്തെയും(24) വീഴ്ത്തി രമേഷ് മെന്‍ഡിസ് പാക്കിസ്ഥാന്‍റെ നടുവൊടിച്ചു. 62 റണ്‍സുമായി പൊരുതിയ അഗ സല്‍മാനെയും പ്രഭാത് വീഴ്ത്തി. 12 റണ്‍സെടുത്ത നൗമാന്‍ അലിയെ മെന്‍ഡിസ് മടക്കിയതോടെ രണ്ടാം ദിനം കളി അവസാനിപ്പിച്ചു.

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 300ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ ആവേശജയം സ്വന്തമാക്കിയിരുന്നു. രണ്ട് മത്സര പരമ്പരയില്‍ പാക്കിസ്ഥാന്‍ 1-0ന് മുന്നിലാണ്.