പല്ലെക്കലെ: ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ട്വന്‍റി 20 പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയുമായ മത്സരം ഇന്ന് നടക്കും. പല്ലെക്കലെയിൽ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിനാണ് മത്സരം. ആദ്യ മത്സരം ജയിച്ച വിന്‍ഡീസ് പരമ്പരയിൽ മുന്നിലാണ്. 2018ന്‍റെ അവസാനം ലസിത് മലിംഗ നായകപദവി ഏറ്റെടുത്ത ശേഷം 13 മത്സരങ്ങളില്‍ ഒന്നിൽ മാത്രമാണ് ലങ്ക ജയിച്ചത്. 

ഗോള്‍ഡന്‍ ഡക്കായ ഷെഹാന്‍ ജയസൂര്യക്ക് പകരം നിരോഷന്‍ ഡിക്ക്‌വെല്ലയെ ശ്രീലങ്ക ഇറക്കിയേക്കും. കീറോണ്‍ പൊള്ളാര്‍ഡും ആന്ദ്രേ റസലും ഉള്‍പ്പെടുന്ന കൂറ്റനടിക്കാരാണ് വിന്‍ഡീസിന്‍റെ കരുത്ത്. ആദ്യ ടി20യില്‍ ഇരുവരും 200ലധികം സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയിരുന്നു. കാറപകടത്തിലേറ്റ പരിക്കില്‍ നിന്ന് മുക്‌തനായി തിരിച്ചെത്തിയ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ ഒഷെയന്‍ തോമസാണ് ബൗളിംഗില്‍ കുന്തമുന. 

ആദ്യ ടി20യില്‍ 25 റണ്‍സിന്‍റെ ജയമാണ് വെസ്റ്റ് ഇന്‍ഡീസ് നേടിയത്. 28 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഒഷെയ്‌ന്‍ തോമസാണ് വിന്‍ഡീസിന് ജയമൊരുക്കിയത്. വിന്‍ഡീസിന്‍റെ 196 റണ്‍സ് പിന്തുടര്‍ന്ന ലങ്ക അഞ്ച് പന്ത് ബാക്കിനില്‍ക്കേ 171ന് പുറത്തായി. നേരത്തെ, ലെന്‍ഡി സിമ്മന്‍സിന്‍റെ അര്‍ധ സെഞ്ചുറിയും(67 റണ്‍സ്), ആന്ദ്രേ റസല്‍(14 പന്തില്‍ 35), കീറോണ്‍ പൊള്ളാര്‍ഡ്(15 പന്തില്‍ 34) എന്നിവരുടെ വെടിക്കെട്ടുമാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലെത്തിച്ചത്.