പല്ലേക്കലെ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ശ്രീലങ്ക തൂത്തുവാരി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ഏകദിനത്തില്‍ ആറ് റണ്‍സിനായിരുന്നു ശ്രീലങ്കയുടെ ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ 307ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ സന്ദര്‍ശകര്‍ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സെടുക്കാനാണ് സാധിച്ചത്. എയ്ഞ്ചലോ മാത്യൂസാണ് മാന്‍ ഓഫ് ദ മാച്ച്. വാനിഡു ഹസരങ്ക പരമ്പരയിലെ താരമായി.

ഷായ് ഹോപ്പ് (72), സുനില്‍ ആംബ്രിസ് (60), നിക്കോളാസ് പൂരന്‍ (50), കീറണ്‍ പൊള്ളാര്‍ഡ് (49) എന്നിവരുടെ ഇന്നിങ്‌സാണ് വിന്‍ഡീസിന് വിജയപ്രതീക്ഷ നല്‍കിയത്.  എന്നാല്‍ ഡാരന്‍ ബ്രാവോ (8), ജേസണ്‍ ഹോള്‍ഡര്‍ (8), ഹെയ്ഡന്‍ വാല്‍ഷ് (2), റോസ്റ്റണ്‍ ചേസ് (0) എന്നിവര്‍ക്ക് തിളങ്ങാനാവാതെ പോയത് വിന്‍ഡീസിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. ഫാബിയന്‍ അലന്‍ (15 പന്തില്‍ 37) പൊരുതിയെങ്കിലും വിജയിപ്പിക്കാനായില്ല. മാത്യൂസിന് പുറമെ ഇസുരു ഉഡാന, വാനിഡു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ശ്രീലങ്ക 307ന് എല്ലാവരും പുറത്താവുകയായിരുന്നു. ദിമുത് കരുണരത്‌നെ (44), കുശാല്‍ പെരേര (44), കുശാല്‍ മെന്‍ഡിസ് (55), ധനഞ്ജയ ഡിസില്‍വ (51) എന്നിവരുടെ ഇന്നിങ്‌സുകളാണ് അവര്‍ക്ക് വലിയ സ്‌കോര്‍ സമ്മാനിച്ചത്.  അവിഷ്‌ക ഫെര്‍ണാണ്ടോ (29), എയ്ഞ്ചലോ മാത്യൂസ് (12), വാനിഡു ഹസരങ്ക (16), ഇസുരു ഉഡാന (2), ലക്ഷന്‍ സന്ധാകന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

വിന്‍ഡീസിനായി അല്‍സാരി ജോസഫ് നാല് വിക്കറ്റ് വീഴ്ത്തി. ജേസണ്‍ ഹോള്‍ഡര്‍ രണ്ടും ഷെല്‍ഡണ്‍ കോട്ട്‌റെല്‍, റോസ്റ്റണ്‍ ചേസ്, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.