32 റണ്‍സ് നേടിയ മര്‍നസ് ലബുഷെയ്‌നാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഉസ്മാന്‍ ഖവാജ (29), ഡേവിഡ് വാര്‍ണര്‍ (24), കാമറൂണ്‍ ഗ്രീന്‍ (23) അലക്‌സ് കാരി (16), പാറ്റ് കമ്മിന്‍സ് (16) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്.

ഗാലെ: ഓസ്‌ട്രേലിയക്കെതിരായ (SL vs AUS) രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ജയം. ലങ്കയെ വീണ്ടും ബാറ്റ് ചെയ്യിപ്പിക്കാന്‍ 190 റണ്‍സ് മറികടക്കേണ്ടിയിരുന്ന ഓസീസ് 151ന് എല്ലാവരും പുറത്തായി. 39 റണ്‍സിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ആറ് വിക്കറ്റ് നേടിയ പ്രഭാത് ജയസൂര്യയാണ് (Prabath Jayasuriya) സന്ദര്‍ശകരെ തകര്‍ത്തത്. സ്‌കോര്‍: ഓസ്‌ട്രേലിയ 364, 151 & ശ്രീലങ്ക 554. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര സമനിലയായി. നേരത്തെ 206 റണ്‍സുമായി പുറത്താവാതെ നിന്ന ദിനേശ് ചാണ്ഡിമലാണ് (Dinesh Chandimal) ശ്രീലങ്കയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

32 റണ്‍സ് നേടിയ മര്‍നസ് ലബുഷെയ്‌നാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഉസ്മാന്‍ ഖവാജ (29), ഡേവിഡ് വാര്‍ണര്‍ (24), കാമറൂണ്‍ ഗ്രീന്‍ (23) അലക്‌സ് കാരി (16), പാറ്റ് കമ്മിന്‍സ് (16) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. സ്റ്റീവ് സ്മിത്ത് (0), ട്രാവിസ് ഹെഡ് (5), മിച്ചല്‍ സ്റ്റാര്‍ക്ക് (0), നഥാന്‍ ലിയോണ്‍ (5), മിച്ചല്‍ സ്വെപ്‌സണ്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജയസൂര്യക്ക് പുറമെ മഹീഷ തീക്ഷണ, രമേഷ് മെന്‍ഡിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ജയസൂര്യ ആദ്യ ഇന്നിംഗ്‌സിലും ആറ് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു.

നേരത്തെ, ദിനേശ് ചാണ്ഡിമല്‍ പുറത്താവാതെ നേടിയ 206 റണ്‍സാണ് ശ്രീലങ്കയ്ക്ക് ലീഡ് സമ്മാനിച്ചത്. 118 റണ്‍സുമായാണ് ചാണ്ഡിമല്‍ നാലാംദിനം ആരംഭിച്ചത്. മിച്ചല്‍ 185ല്‍ നില്‍ക്കെ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ തുടര്‍ച്ചയായി ഒരു ഫോറും രണ്ട് സിക്‌സും നേടിയാണ് ചാണ്ഡിമല്‍ ഇരട്ട സെഞ്ചുറി ആഘോഷിച്ചത്. ഓസ്‌ട്രേലിയക്കെതിരെ ഒരു ശ്രീലങ്കന്‍ താരം നേടുന്ന ആദ്യ ഇരട്ട സെഞ്ചുറി കൂടിയാണിത്. ഹൊബാര്‍ട്ടില്‍ മുന്‍ ലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര നേടിയ 192 റണ്‍സാണ് ചാണ്ഡിമല്‍ മറികടന്നത്. അഞ്ച് സിക്‌സും 16 ഫോറും അടങ്ങുന്നതായിരുന്നു ചാണ്ഡിമലിന്റെ ഇന്നിംഗ്‌സ്. ദിമുത് കരുണാരത്‌നെ (86), കുശാല്‍ മെന്‍ഡിസ് (85), എയ്ഞ്ചലോ മാത്യൂസ് (52), കമനിന്ദു മെന്‍ഡിസ് (61) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിന് വേണ്ടി തിളങ്ങിയത് ലബുഷെയ്‌നും (104), സ്റ്റീവ് സ്മിത്തും (145*) മാത്രമാണ്. ജയസൂര്യക്ക് പുറമെ കശുന്‍ രചിത രണ്ടും രമേഷ് മെന്‍ഡിസ്, മഹീഷ തീക്ഷണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.