കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റിന് പിന്തുണയുമായി ശ്രീലങ്കന്‍ പരിശീലകന്‍ രുമേഷ് രത്‌നായകെ. ശ്രീലങ്കയുടെ പാക് പര്യടനം മറ്റുരാജ്യങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് എകദിനങ്ങളും ടി20യുമാണ് ശ്രീലങ്ക പാകിസ്ഥാനില്‍ കളിക്കുന്നത്. രണ്ട് ടെസ്റ്റുകളും പരമ്പരയിലുണ്ട്. എന്നാല്‍ ടെസ്റ്റ് മത്സരങ്ങളുടെ വേദിയാവുക യുഎഇ ആയിരിക്കുമെന്നാണ് കരുതുന്നത്.

ഭാവിയില്‍ പാക് പര്യടനത്തിനെത്തുന്ന ടീമുകള്‍ക്ക് ധൈര്യം നല്‍കുന്നതാണ് ലങ്കന്‍ ടീമിന്റെ പര്യടനമെന്ന് അദ്ദേഹം പറഞ്ഞു. രത്‌നായകെ തുടര്‍ന്നു... ''ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് പാകിസ്ഥാനില്‍ നടക്കുന്ന ശ്രീലങ്കയുടെ നിശ്ചിത ഓവര്‍ മത്സരങ്ങള്‍ മറ്റുടീമുകള്‍ക്കും ആത്മവിശ്വാസം നല്‍കും. ടെസ്റ്റ് മത്സരങ്ങളും പാകിസ്ഥാനില്‍ നടത്താന്‍ കഴിയുമെന്നാണ് വിശ്വാസം. എന്നാല്‍ ഒരു ശ്രീലങ്കന്‍ താരത്തെയും ടീമില്‍ നിര്‍ബന്ധിച്ച് ഉള്‍പ്പെടുത്തില്ല. ഈ പര്യടനം ശ്രീലങ്കയ്ക്ക മാത്രമല്ല, മറ്റുടീമുകള്‍ക്കും പ്രചോദനം നല്‍കും.

പ്രമുഖരായ പത്ത് താരങ്ങള്‍ ഇല്ലാതെയാണ് ഞങ്ങള്‍ പാകിസ്ഥാനിലെത്തിയത്. പരിശീലനം മഴ കാരണം ഉപേക്ഷിക്കേണ്ടിവന്നു. നല്ലതുപോലെ പരിശീലനം ചെയ്യാന്‍ ടീമിന് കഴിഞ്ഞിട്ടില്ല എങ്കിലും ടീം കഴിവിന്റെ പരമാവധി പുറത്തെടുക്കും.'' രത്‌നായകെ പറഞ്ഞുനിര്‍ത്തി.