കൊളംബൊ: മഹേല ജയവര്‍ധന, കുമാര്‍ സംഗകാര എന്നിവരുടെ വിരമിക്കലിന് ശേഷം ശ്രീലങ്കന്‍ ക്രിക്കറ്റ് രക്ഷപ്പെട്ടിട്ടില്ല. ഇംഗ്ലണ്ടില്‍ അവസാനിച്ച ലോകകപ്പിലും അത്ര മികച്ചതായിരുന്നില്ല ലങ്കയുടെ പ്രകടനം. സെമി കാണാതെ ടീം പുറത്തായി. ഇപ്പോഴിതാ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് ലങ്കന്‍ ക്രിക്കറ്റ്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ലങ്കന്‍ ക്രിക്കറ്റില്‍ പരിശീലക സംഘത്തില്‍ വലിയ മാറ്റങ്ങളുണ്ടായേക്കും.

പുതിയ പരിശീലകനെ നിയമിക്കാനാണ് ലങ്കന്‍ ക്രിക്കറ്റ് ഒരുങ്ങുന്നത്. 2017ല്‍ നിയമിതനായ മുഖ്യ പരിശീലകന്‍ ചന്ദിക ഹതുരസിംഗെയ്ക്ക സ്ഥാനം നഷ്ടമാവും. ശ്രീലങ്കന്‍ കായിക മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ ക്രിക്കറ്റ് ടീമിന്റെ പരിശീലകരെ പുറത്താക്കണമെന്ന് ലങ്കന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. സ്റ്റീവ് റിക്‌സണ്‍ (ഫീല്‍ഡിങ് കോച്ച്), ജോണ്‍ ലെവിസ് (ബാറ്റിങ്), റുമേഷ് രത്‌നായകെ (ബൗളിങ്) എന്നിവര്‍ക്കും സ്ഥാനം നഷ്ടമാവും. 

ഇവരുമായുള്ള കരാര്‍ പുതുക്കാന്‍ തങ്ങള്‍ താല്‍പര്യമില്ലെന്ന് ശ്രീലങ്കന്‍ ബോര്‍ഡ് വ്യക്തമാക്കി.