കൊളംബോ: സുരക്ഷാ ആശങ്കകള്‍ക്കിടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ പര്യടനത്തിനായി പുറപ്പെട്ടു. ശ്രീലങ്കന്‍ ക്രിക്കറ്റ് ആസ്ഥാനത്ത് ബുദ്ധ സന്യാസിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയാണ് താരങ്ങള്‍ പാകിസ്ഥാനിലേക്ക് തിരിച്ചത്. മൂന്ന് വീതം ഏകദിന- ടി20 മത്സരങ്ങളാണ് പര്യടനത്തിലുള്ളത്. സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ലസിത് മലിംഗ അടക്കമുള്ള സീനിയര്‍ താരങ്ങള്‍ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

എന്നാല്‍ പര്യടനത്തില്‍ ആശങ്കകളില്ലെന്ന് ലങ്കന്‍ ടി20 നായകന്‍ ദാസുന്‍ ശനക കൊളംബോയില്‍ നിന്ന് തിരിക്കും മുന്‍പ് പറഞ്ഞു. മുന്‍പ് പാകിസ്ഥാനില്‍ പോയിട്ടുണ്ട്. ലങ്കന്‍ ടീമിനെ നയിക്കുന്നതില്‍ സന്തോഷമുണ്ട്. തങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന സുരക്ഷാസംവിധാനങ്ങളില്‍ സംതൃപ്തനാണ്. ആശങ്കകളില്ലെന്ന് ഏകദിന നായകന്‍ ലഹിരു തിരുമന്നെയും പറഞ്ഞു. സന്ദര്‍ശക ടീമുകള്‍ക്ക് ലഭിക്കുന്ന കനത്ത സുരക്ഷ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. 

സീനിയര്‍ താരങ്ങളുള്‍പ്പെടെ വിട്ടുനില്‍ക്കുമ്പോഴും പാകിസ്ഥാന്‍ പര്യടനത്തിന് ലങ്കന്‍ ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയിരുന്നു. ശ്രീലങ്കന്‍ ടി20 ടീം നായകന്‍ ലസിത് മലിംഗ, ടെസ്റ്റ് നായകന്‍ ദിമുത് കരുണരത്‌നെ, മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ്, നിരോഷന്‍ ഡിക്‌വെല്ല, കുശാല്‍ പേരേര, ധനഞ്‌ജയ ഡിസില്‍വ, തിസാര പേരേര, അഖില ധനഞ്‌ജയ, സുരംഗ ലക്‌മല്‍, ദിനേശ് ചണ്ഡിമല്‍ എന്നിവരയില്‍ നിന്ന് നേരത്തെ പിന്‍മാറിയത്. 

പാകിസ്ഥാനില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ടീമിന്‍റെ ബസിനുനേരെ 2009 മാര്‍ച്ചില്‍ ഭീകരര്‍ നടത്തിയ ആക്രമണമാണ് താരങ്ങളുടെ പിന്‍മാറ്റത്തിന് കാരണം. ടീം ബസിന് നേരെ ഭീകരര്‍ നിറയൊഴിച്ചപ്പോള്‍ തലനാരിഴയ്‌ക്കായിരുന്നു താരങ്ങളുടെ രക്ഷപെടല്‍. സംഭവത്തോടെ ക്രിക്കറ്റ് ലോകത്ത് പാകിസ്ഥാന്‍ ഒറ്റപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രമുഖ ടീമുകളൊന്നും പാകിസ്ഥാനില്‍ പര്യടനം നടത്തിയില്ല.