കൊളംബോ: ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിംഗക്ക് പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്  ലങ്കന്‍ പേസര്‍ നുവാന്‍ കുലശേഖര. മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്ന് മാത്രമാണ് വിരമിച്ചതെങ്കില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് കുലശേഖര പ്രഖ്യാപിച്ചു. ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള കുലശേഖര ശ്രീലങ്കക്കായി 184 ഏകദിനങ്ങളില്‍ നിന്ന് 199 വിക്കറ്റ് നേടിയിട്ടുണ്ട്.

വാലറ്റത്ത് ബാറ്റ്സ്മാനെന്നനിലയിലും കുലശേഖര പലപ്പോഴും മികവ് കാട്ടി.  2003ല്‍ തന്റെ 21-ാം വയസില്‍ ശ്രീലങ്കക്കായി അരങ്ങേറ്റംകുറിച്ച കുലശേഖര 2017ലാണ് ലങ്കക്കായി അവസാനം ഏകദിനം കളിച്ചത്. 2005ല്‍ ലങ്കക്കായി ടെസ്റ്റില്‍ അരങ്ങേറിയ കുലശേഖര 48 വിക്കറ്റ് നേടി.

ടി20യില്‍ ലങ്കക്കായി  ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറുമാണ് കുലശേഖര. 58 ടി20 മത്സരങ്ങളില്‍ നിന്ന് 66 വിക്കറ്റുകള്‍ നേടിയിട്ടുള്ള കുലശേഖരക്ക് മുമ്പില്‍ ലസിത് മലിംഗ മാത്രമെയുള്ളു. 2014ല്‍ ലോക ടി20 കിരീടം നേടിയ ലങ്കന്‍ ടീമിലും കുലശേഖര അംഗമായിരുന്നു.

ഇന്ത്യന്‍ ആരാധകരും കുലശേഖരയുടെ മുഖം അത്ര പെട്ടൊന്നൊന്നും മറക്കാനിടയില്ല. 2011ലെ ഏകദിന ലോകകപ്പില്‍ കുലശേഖരയുടെ പന്ത് ലോംഗ് ഓണിന് മുകളിലൂടെ സിക്സറിന് പറത്തിയാണ് എം എസ് ധോണി ഇന്ത്യയെ ലോക ചാമ്പ്യന്‍മാരാക്കിയത്.