കൊളംബൊ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീലങ്കന്‍ പേസര്‍ നുവാന്‍ കുലശേഖര. 2003ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു കുലശേഖരുടെ ഏകദിന അരങ്ങേറ്റം. ലങ്കയ്ക്കായി 184 ഏകദിനങ്ങളില്‍ നിന്ന് 199 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.. 2005ല്‍ ടെസ്റ്റില്‍ അരങ്ങേറിയ കുലശേഖര 21 മത്സരങ്ങളില്‍ നിന്ന് 48 വിക്കറ്റും സ്വന്തമാക്കി. 

2008ല്‍ ആദ്യ ടി20യും പേസര്‍ കളിച്ചു. 58 മത്സരങ്ങളില്‍ നിന്ന് 66 ടി20 വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്. 2014ല്‍ ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റ് കളിച്ചു. 2017ലാണ് അവസാന നിശ്ചിത ഓവര്‍ മത്സരങ്ങള്‍ കളിച്ചത്. 

2014ല്‍ ടി20 ലോകകപ്പ് ജേതാവുമ്പോള്‍ നുവാന്‍ കുലശേഖര ടീമിലുണ്ടായിരുന്നു. അന്ന് ഇന്ത്യയെയാണ് ലങ്ക കീഴടക്കി കിരീടം സ്വന്തമാക്കിയത്. ഒരു കാലത്ത് ഐസിസി ഏകദിന ബൗളിങ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന താരം കൂടിയാണ് നുവാന്‍ കുലശേഖര.