ഓൾറൗണ്ടർമാരെ ഉൾപ്പെടുത്താനുള്ള ടീം തന്ത്രമാണ് രോഹിത്തിന് തിരിച്ചടിയായതെന്നും, ഈ തീരുമാനത്തിൽ തനിക്ക് ഇന്നും വേദനയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ചെന്നൈ: 2011-ലെ ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് രോഹിത് ശര്‍മയെ ഒഴിവാക്കിയത് നിര്‍ഭാഗ്യകരമായ തീരുമാനമായിരുന്നുവെന്ന് മുന്‍ ബിസിസിഐ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. അന്ന് രോഹിത്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ഇന്നും തനിക്ക് വിഷമമുണ്ടെന്നും കഴിഞ്ഞ വര്‍ഷം നേരിട്ട് കണ്ടപ്പോള്‍ രോഹിത്തിനോട് താന്‍ ക്ഷമ ചോദിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. രോഹിത് ശര്‍മ്മ ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ തക്ക പ്രകടനം നടത്തിയിരുന്നുവെങ്കിലും അന്നത്തെ സെലക്ഷന്‍ കമ്മിറ്റിയുടെ പ്രത്യേക തന്ത്രമാണ് താരത്തിന് തിരിച്ചടിയായതെന്ന് ശ്രീകാന്ത് വിശദീകരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ബാറ്റിംഗിനൊപ്പം കുറച്ച് ഓവറുകള്‍ കൂടി എറിയാന്‍ കഴിയുന്ന ഓള്‍റൗണ്ടര്‍മാരെ കണ്ടെത്തുക എന്നതായിരുന്നു അന്ന് സെലക്റ്റര്‍മാരുടെ ലക്ഷ്യം. 1983ലെ ലോകകപ്പ് വിജയത്തിലെ തന്ത്രമാണ് 2011ലും പിന്തുടര്‍ന്നത്. ടൂര്‍ണമെന്റിലെ താരം യുവരാജ് സിംഗ് ആയിരുന്നു. ബാറ്റിംഗിനൊപ്പം ബൗളിംഗിലും തിളങ്ങിയ യുവരാജിനെപ്പോലെ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, സുരേഷ് റെയ്‌ന, യൂസഫ് പഠാന്‍ എന്നിവരും പന്തെറിയാന്‍ കെല്‍പ്പുള്ളവരായിരുന്നു. ഹര്‍ഭജന്‍ സിംഗിന് ബാക്കപ്പായി അശ്വിനും ഉണ്ടായിരുന്നു.

ടീമിന് ഗുണകരമാകുന്ന മള്‍ട്ടി-ഡൈമന്‍ഷണല്‍ കളിക്കാരെ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ രോഹിത്തിന് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. 'ആ പാവം പയ്യന് അന്ന് അവസരം നഷ്ടമായി.' ശ്രീകാന്ത് പറഞ്ഞു. 2011ലെ ലോകകപ്പ് നഷ്ടമായത് രോഹിത് ശര്‍മ്മയെ ഏറെ വേദനിപ്പിച്ചിട്ടുള്ള കാര്യമാണ്. തന്റെ കരിയറില്‍ രണ്ട് ടി20 ലോകകപ്പുകളും (2007, 2024), രണ്ട് ചാമ്പ്യന്‍സ് ട്രോഫികളും (2013, 2025) നേടിയ രോഹിത്തിന് ഒരു ഏകദിന ലോകകപ്പ് കിരീടം എന്നത് ഇന്നും സ്വപ്നമായി അവശേഷിക്കുന്നു.

2023ല്‍ രോഹിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനലില്‍ എത്തിയെങ്കിലും അഹമ്മദാബാദില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഓസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. എം എസ് ധോണിയുടെ നേതൃത്വത്തില്‍ 2011ല്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് അന്ന് അറുതിയായത്.

YouTube video player