പ്രീതി സിന്‍റ ഉടമയായ പ‍ഞ്ചാബ് കിംഗ്സാണ് ഏറ്റവും കൂടുതൽ തുകയുമായി താരലേലത്തിൽ എത്തുന്നത്

ബെംഗളൂരു: ഐപിഎൽ മെഗാതാരലേലത്തിൽ (IPL Auction 2022) പ‍ഞ്ചാബ് കിംഗ്‌സ് ടീം (Punjab Kings) ഉടമ പ്രീതി സിന്‍റ (Preity Zinta) പങ്കെടുക്കില്ല. ട്വിറ്ററിലൂടെ പ്രീതി സിന്‍റ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലുള്ള തനിക്ക് ഇപ്പോള്‍ ഇന്ത്യയിലേക്ക് എത്താന്‍ കഴിയില്ലെന്നും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ടെന്നും പ്രീതി കുറിച്ചു. അതേസമയം കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങള്‍ താരലേലത്തിനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന തിരക്കായിരുന്നെന്നും പ്രീതി വ്യക്തമാക്കി. 

പ്രീതി സിന്‍റ ഉടമയായ പ‍ഞ്ചാബ് കിംഗ്സാണ് ഏറ്റവും കൂടുതൽ തുകയുമായി താരലേലത്തിൽ എത്തുന്നത്. 72 കോടി രൂപ പഞ്ചാബിന്‍റെ അക്കൗണ്ടിലുണ്ട്. മായങ്ക് അഗര്‍വാളിനെയും (12 കോടി) അര്‍ഷ്‌ദീപ് സിംഗിനെയും (4 കോടി) മാത്രമാണ് പഞ്ചാബ് നിലനിര്‍ത്തിയത്. പഞ്ചാബിന് 23 താരങ്ങളെ ലേലത്തിലൂടെ സ്വന്തമാക്കാം. ഇതില്‍ എട്ട് വിദേശതാരങ്ങളെ പാളയത്തിലെത്തിക്കാനും പഞ്ചാബ് കിംഗ്‌സിന് അവസരമുണ്ട്. 

ബെംഗളൂരുവില്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഐപിഎല്‍ മെഗാതാരലേലത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 12ന് ലേലം തുടങ്ങും. അവസാന മെഗാതാരലേലം എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ക്രിക്കറ്റ് ലോകത്തിന്‍റെ ആകെ ശ്രദ്ധ ബെംഗളൂരുവിലേക്ക് ചുരുങ്ങുന്നത്. താരലേലത്തിന്‍റെ ആദ്യദിനം 161 കളിക്കാര്‍ ഫ്രാഞ്ചൈസികള്‍ക്ക് മുന്നിലെത്തും. ആര്‍ അശ്വിന്‍, ട്രെന്‍റ് ബോള്‍ട്ട്, പാറ്റ് കമ്മിന്‍സ്, ക്വിന്‍റൺ ഡി കോക്ക്, ശിഖര്‍ ധവാന്‍, ഫാഫ് ഡുപ്ലെസി, ശ്രേയസ് അയ്യര്‍, കാഗിസോ റബാഡ, മുഹമ്മദ് ഷമി, ഡേവിഡ് വാര്‍ണര്‍ എന്നീ മാര്‍ക്വീ താരങ്ങളുടെ ലേലം ആണ് ആദ്യം നടക്കുക. 

Scroll to load tweet…

രണ്ട് ദിനങ്ങളിലായി 10 ഫ്രാഞ്ചൈസികളുടെ തീപാറും ലേലംവിളിയാണ് ബെംഗളൂരുവില്‍ നടക്കുക. ഇന്ന് 11 മണിമുതല്‍ ഔദ്യോഗിക ബ്രോഡ്‌കാസ്‌റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ താരലേലത്തിന്‍റെ ഓരോ കരുനീക്കങ്ങളും ആരാധകര്‍ക്ക് നേരില്‍ക്കാണാം. ഡിസ്‌നി ഹോട്‌സ്റ്റാറില്‍ ലൈവ് സ്‌ട്രീമിംഗുമുണ്ട്. 

IPL Auction 2022 Live : പണസഞ്ചിയുമായി ടീമുകള്‍, ആരാവും കോടിപതി, യുവരാജ! ഐപിഎല്‍ താരലേലം തല്‍സമയം