ഫൈനലിലെത്തിയാല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ, പാകിസ്ഥാന്‍ ടീമുകള്‍ മൂന്ന് തവണ മുഖാമുഖം വരുന്ന രീതിയിലാണ് മത്സരക്രമം
കൊളംബോ: ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ ഇന്ത്യ- പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ട പോരിന്‍റെ പോസ്റ്റര്‍ പുറത്തിറക്കി മത്സരത്തിന്‍റെ സംപ്രേഷകരായ സ്റ്റാര്‍ സ്പോര്‍ട്‌സ്. കാന്‍ഡിയില്‍ സെപ്റ്റംബര്‍ 2-ാം തിയതിയാണ് ടൂര്‍ണമെന്‍റിലെ ആദ്യ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും റണ്‍മെഷീന്‍ വിരാട് കോലിയും പാക് ക്യാപ്റ്റന്‍ ബാബര്‍ അസമും സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയുമായാണ് മത്സരത്തിന്‍റേതായി സ്റ്റാര്‍ സ്പോര്‍ട്‌സ് പുറത്തിറക്കിയ പോസ്റ്ററിലുള്ളത്.
ഫൈനലിലെത്തിയാല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ, പാകിസ്ഥാന്‍ ടീമുകള്‍ മൂന്ന് തവണ മുഖാമുഖം വരുന്ന രീതിയിലാണ് മത്സരക്രമം. സെപ്റ്റംബർ രണ്ടിന് കാന്‍ഡിയില്‍ വച്ചാണ് ടൂർണമെന്‍റിലെ ആദ്യ ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം. സൂപ്പര്‍ ഫോറിലെത്തിയാല്‍ സെപ്റ്റംബര്‍ 10ന് കൊളംബോയില്‍ ഇരു ടീമുകളും വീണ്ടും മുഖാമുഖം വരും. പാകിസ്ഥാനും ഇന്ത്യയും ഫൈനലില്‍ പ്രവേശിച്ചാല്‍ 17-ാം തിയതിയും അയല്‍ക്കാരുടെ സൂപ്പര്‍ പോരാട്ടം പ്രതീക്ഷിക്കാം. ഏഷ്യാ കപ്പില്‍ മൂന്ന് തവണ ഇന്ത്യ- പാക് ടീമുകള്‍ നേര്‍ക്കുനേര്‍ വന്നാല്‍ അത് ഗംഭീരമാകും എന്നാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ വാക്കുകള്‍. നേപ്പാളാണ് ഇന്ത്യയും പാകിസ്ഥാനുമുള്ള ഗ്രൂപ്പിലെ മറ്റൊരു ടീം.
നേപ്പാളിനും പാകിസ്ഥാനും എതിരെ ഗ്രൂപ്പ് മത്സരം ജയിക്കുന്നതിലാണ് ആദ്യ ശ്രദ്ധ എന്ന് രാഹുല്‍ ദ്രാവിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഓഗസ്റ്റ് 24ന് ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന്‍റെ പരിശീലന ക്യാംപ് ആരംഭിക്കും. സെപ്റ്റംബര്‍ രണ്ടിന് ഇന്ത്യന്‍ സമയം മൂന്ന് മണിക്കാണ് ഇന്ത്യ- പാകിസ്ഥാന്‍ ഗ്രൂപ്പ് പോരാട്ടം ഏഷ്യാ കപ്പില്‍ തുടങ്ങുക.
