ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിയും ക്യാപ്റ്റന്‍ രോഹിത് ശർമ്മയും വരെ കണക്കില്‍ സഞ്ജുവിന് ബഹുദൂരം പിന്നിലാണ്

മുംബൈ: കിട്ടിയ അവസരങ്ങള്‍ വിനിയോഗിക്കുന്നില്ല, സ്ഥിരത പുലർത്തുന്നില്ല എന്നീ രൂക്ഷ വിമർശനങ്ങള്‍ കേള്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്ററാണ് സഞ്ജു സാംസണ്‍. എന്നാല്‍ ഏകദിന ക്രിക്കറ്റ് ഫോർമാറ്റില്‍ തകർപ്പന്‍ റെക്കോർഡാണ് ടീം ഇന്ത്യക്കായി സഞ്ജുവിനുള്ളത്. റണ്‍മെഷീന്‍ വിരാട് കോലിയും ക്യാപ്റ്റന്‍ രോഹിത് ശർമ്മയും വരെ കണക്കില്‍ സഞ്ജുവിന് ബഹുദൂരം പിന്നിലാണ്. സൂര്യകുമാർ യാദവൊന്നും ചിത്രത്തിലേയില്ല.

ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇതുവരെ ടിക്കറ്റ് ഉറപ്പിക്കാന്‍ സഞ്ജു സാംസണിനായിട്ടില്ല. ലോകകപ്പിനൊരുക്കമായി നടക്കുന്ന ഏഷ്യാ കപ്പിനുള്ള സ്ക്വാഡില്‍ സഞ്ജുവിന് ഇടംപിടിക്കാനായിരുന്നില്ല. സ്ക്വാഡില്‍ സ്റ്റാന്‍ഡ്-ബൈ താരം മാത്രമാണ് മലയാളി താരം. ഏഷ്യാ കപ്പ് സ്ക്വാഡിലുള്ള താരങ്ങള്‍ക്ക് ഫിറ്റ്നസ് തിരിച്ചടി ഏറ്റാല്‍ മാത്രമേ നിലവില്‍ സഞ്ജുവിന് ഏകദിന ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടാനാകൂ. എന്നാല്‍ 2021 മുതല്‍ ഏകദിന ഫോർമാറ്റിലെ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിംഗ് റെക്കോർഡ് പരിശോധിച്ചാല്‍ സഞ്ജുവിനെ എന്തായാലും ലോകകപ്പ് സ്ക്വാഡിലുള്‍പ്പെടുത്തണം എന്ന് വ്യക്തമാകും. 2021ന് ശേഷം ഏകദിനത്തില്‍ മികച്ച രണ്ടാമത്തെ ബാറ്റിംഗ് ശരാശരിയുള്ള ഇന്ത്യന്‍ താരം സഞ്ജുവാണ്. വിരാട് കോലി, രോഹിത് ശർമ്മ, കെ എല്‍ രാഹുല്‍, സൂര്യകുമാർ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെയെല്ലാം മറികടന്നാണ് സഞ്ജുവിന്‍റെ കുതിപ്പ്.

2021 മുതല്‍ ഇന്ത്യന്‍ താരങ്ങളുടെ ഏകദിന റെക്കോർഡ് പരിശോധിച്ചാല്‍ രണ്ടേ രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് 50ലധികം ബാറ്റിംഗ് ശരാശരിയുള്ളത്. ഓപ്പണർ ശുഭ്മാന്‍ ഗില്ലാണ്(69.4) മുന്നില്‍. 55.7 ശരാശരിയുമായി സഞ്ജു സാംസണ്‍ രണ്ടാമത് നില്‍ക്കുന്നു. 48.5 ശരാശരിയുമായി ശ്രേയസ് അയ്യർ മൂന്നും 46.3 ശരാശരിയുമായി ഇഷാന്‍ കിഷന്‍ നാലാമതും നില്‍ക്കുന്നു. കെ എല്‍ രാഹുല്‍(43.6), രോഹിത് ശർമ്മ(42.5), വിരാട് കോലി(39.0) എന്നിങ്ങനെയാണ് പിന്നാലെയുള്ളവരുടെ ബാറ്റിംഗ് ശരാശരിയെങ്കില്‍ സൂര്യകുമാർ യാദവിന് 24.3 മാത്രമേയുള്ളൂ.

2021 ജൂലൈയില്‍ ടീം ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറിയ സഞ്ജു സാംസണ്‍ ഇതുവരെ 13 മത്സരങ്ങളിലെ 12 ഇന്നിംഗ്സില്‍ നിന്ന് 390 റണ്‍സാണ് സ്വന്തമാക്കിയത്. 104 സ്ട്രൈക്ക് റേറ്റ് താരത്തിനുണ്ട്. 3 മുതല്‍ 6 വരെയുള്ള ബാറ്റിംഗ് സ്ഥാനങ്ങളില്‍ ഇറങ്ങിയപ്പോള്‍ മൂന്ന് അർധസെഞ്ചുറി താരത്തിനുണ്ട്. ഏകദിനത്തില്‍ തുടർച്ചയായി പരാജയപ്പെട്ടിട്ടും ഏഷ്യാ കപ്പ് സ്ക്വാഡിലുണ്ട് സൂര്യകുമാർ യാദവ്. 26 മത്സരങ്ങള്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ സൂര്യക്ക് ബാറ്റിംഗ് ശരാശരി 30 തൊടാന്‍ പോലുമായിട്ടില്ല. കണക്കുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ലോകകപ്പിന് മുമ്പ് നടക്കുന്ന ഏഷ്യാ കപ്പിനായുള്ള സ്ക്വാഡില്‍ സഞ്ജു സാംസണ് അവസരം ലഭിച്ചില്ല. 

Read more: ചന്ദ്രനെ തൊട്ട് ഇന്ത്യ, ഹൃദയം തൊട്ട് ടീം ഇന്ത്യ; ചന്ദ്രയാന്‍ 3 വിജയം തല്‍സമയം കണ്ടാഘോഷിച്ച് താരങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം