സിഡ്‌നി: വിരാട് കോലിയെ ഞാന്‍ ആരാധിക്കുന്നെന്ന് വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. കോലി, സ്മിത്ത് ഇവരില്‍ ആരാണ് കൂടുതല്‍ മികച്ച ബാറ്റ്സ്മാനെന്ന കാര്യത്തില്‍ ക്രിക്കറ്റില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് സ്മിത്തിന്റെ വെളിപ്പെടുത്തല്‍. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് സോണി ടെന്‍ പിറ്റ് സ്റ്റോപ്പ് ഷോയില്‍ ലൈവില്‍ വന്നപ്പോഴാണ് സ്മിത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

കോലിയുടെ സ്ഥിരതയും കഴിവുമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചതെന്ന് സ്മിത്ത് വ്യക്തമാക്കി. മുന്‍ ഓസീസ് ക്യാപ്റ്റന്‍ തുടര്‍ന്നു... ''അസാധരണ താരമാണ് കോലി. അദ്ദേഹത്തിന്റെ റെക്കോഡുകള്‍ തന്നെയാണ്് അതിന് തെളിവ്. ഞാനിപ്പോഴും അദ്ദേഹത്തെ ആരാധിക്കുന്നു. കോലിക്ക് ക്രിക്കറ്റിനോടുള്ള പാഷന്‍ ഏറെ ആകര്‍ഷിക്കപ്പെടുന്ന ഒന്നാണ്. ഇന്ത്യന്‍ ക്രിക്കിന് വേണ്ടി അദ്ദേഹം ഒരുപാട് ചെയ്തു. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

വളരെയധികം ഫിറ്റ്നസും കരുത്തുമുള്ള താരമായി കോലി മാറി. സ്‌കോര്‍ പിന്തുടരുമ്പോള്‍ കോലി കാണിക്കുന്ന മികവാണ് എന്നെ ഏറെ ആര്‍ഷിക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ റണ്‍ചേസില്‍ കോലിയുടെ ബാറ്റിങ് പ്രകടനം അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ജയിച്ച മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ ശരാശരി നോക്കൂ, അവിസ്മരണീയമാണ്.'' സ്മിത്തി പറഞ്ഞു. 

ഈ വര്‍ഷം അവസാനത്തോടെ നാട്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ഇന്ത്യ ഓസ്ട്രേലിയക്കു ഭീഷണിയാവുമെന്ന് സ്മിത്ത് അഭിപ്രായപ്പെട്ടു.