ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടതിനാല്‍ മലയാളി താരം സഞ്ജു സാംസണെയും ഇഷാന്‍ കിഷനെയും ഏകദിന ടീമിലേക്ക് പരിഗണിച്ചില്ല.
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് പരിക്കേറ്റ് പുറത്തായ റിഷഭ് പന്തിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ചു. വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ഫോമിലുള്ള ധ്രുവ് ജുറെലിനെയാണ് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയത്. ഇന്നലെ ബാറ്റിംഗ് പരിശീലനത്തിനിടെ ത്രോ ഡൗണ്‍ സ്പെഷ്യലിസ്റ്റ് എറിഞ്ഞ പന്തുകൊണ്ട് റിഷഭ് പന്തിന്‍റെ നാഭിയില്‍ പരിക്കേറ്റിരുന്നു. പിന്നാലെ റിഷഭ് പന്തിന് പരമ്പര നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ ബിസിസിഐ തയാറായിരുന്നില്ല. എന്നാല്‍ ധ്രുവ് ജുറെലിനെ പകരക്കാരനായി പ്രഖ്യാപിച്ചതോടെ പന്ത് പരമ്പരയില്‍ കളിക്കില്ലെന്ന് ഉറപ്പായി.
ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടതിനാല്‍ മലയാളി താരം സഞ്ജു സാംസണെയും ഇഷാന്‍ കിഷനെയും ഏകദിന ടീമിലേക്ക് പരിഗണിച്ചില്ല. ഏകദിന പരമ്പരക്ക് പിന്നാലെ ഇരുവര്‍ക്കും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കളിക്കേണ്ടതുണ്ട്. പരിക്കേല്‍ക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഇരുവരെയും ഏകദിന ടീമിലേക്ക് പരിഗണിക്കാതിരുന്നത്.
വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനായി പുറത്തെടുത്ത മിന്നുന്ന പ്രകടനവും ധ്രുവ് ജുറെലിനെ ടീമിലെടുക്കാന്‍ കാരണമായി. ഉത്തര്‍പ്രദേശിനായി ഏഴ് മത്സരങ്ങളില്‍ നിന്ന് നാലു അര്‍ധസെഞ്ചുറിയും രണ്ട് സെഞ്ചുറിയും ഉള്‍പ്പെടെ 558 റണ്‍സാണ് ജുറെല്‍ അടിച്ചെടുത്തത്. 123(96), 56(61), 55(62), 17(16), 160*(101), 67(57) & 80(61) എന്നിങ്ങനെയായിരുന്നു ജുറെലിന്‍റെ പ്രകടനം. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി കളിക്കുമെന്നതിനാല്‍ ഏകദിന ടീമിലെത്തിയെങ്കിലും ജുറെലിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
അതേസമയം, 2022ലെ കാര്‍ അപകടത്തിനുശേഷം ഇന്ത്യൻ ഏകദിന ടീമില്‍ തിരിച്ചെത്തിയ റിഷഭ് പന്തിനാകട്ടെ ഒരേയൊരു ഏകദിനത്തില്‍ മാത്രമാണ് പിന്നീട് പ്ലേയിംഗ് ഇവനില്‍ കളിക്കാനായത്. 2024 ഓഗസ്റ്റില്‍ ശ്രീലങ്കക്കെതിരെ ആയിരുന്നു റിഷഭ് പന്ത് അവസാനമായി ഇന്ത്യക്കായി ഏകദിനങ്ങളില്‍ കളിച്ചത്.


