മാഞ്ചസ്റ്റര്‍: താന്‍ കണ്ട ഏറ്റവും മികച്ച താരം സ്റ്റീവ് സ്‌മിത്തെന്ന് ഓസീസ് നായകന്‍ ടിം പെയ്‌ന്‍. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയും അര്‍ധ സെഞ്ചുറിയുമായി വിജയശില്‍പിയായതിന് പിന്നാലെയാണ് സ്‌മിത്തിനെ പെയ്‌ന്‍ പ്രശംസ കൊണ്ടുമൂടിയത്. മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌‌സില്‍ 211 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 82 റണ്‍സുമാണ് സ്‌മിത്ത് നേടിയത്. പരമ്പരയിലാകെ 671 റണ്‍സും സ്‌മിത്ത് ഇതിനകം നേടി. 

'ഏറ്റവും മികച്ച താരമാണ് താനെന്ന് സ്‌മിത്ത് വീണ്ടും തെളിയിച്ചു. എങ്ങനെ കളിക്കണമെന്ന് സ്‌മിത്തിന് നന്നായി അറിയാം' എന്നും പെയ്‌ന്‍ പറഞ്ഞു. അതേസമയം കരിയറിലെ ഏറ്റവും മികച്ച പ്രകടനാണ് പുറത്തെടുക്കുന്നത് എന്നാണ് സ്‌മിത്തിന്‍റെ വിലയിരുത്തല്‍. 'മധ്യനിരയില്‍ എന്‍റെ ജോലി ആസ്വദിക്കുകയാണ്. ഒരു വര്‍ഷത്തിന് ശേഷം ഊഷ്‌മളതയോടെ തിരിച്ചെത്തിയിരിക്കുന്നു' എന്നും സ്‌മിത്ത് പറഞ്ഞു. പന്ത് ചുരണ്ടലിനെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയാണ് സ്‌മിത്ത് ആഷസില്‍ വിസ്‌മയിപ്പിക്കുന്നത്. 

ആഷസ് നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 185 റണ്‍സിന് തോല്‍പിച്ച് ആഷസ് ട്രോഫി ഓസീസ് നിലനിര്‍ത്തി. സമനിലക്കായി വാലറ്റം പ്രതിരോധിച്ച് കളിച്ചെങ്കിലും ഇംഗ്ലണ്ട് അഞ്ചാം ദിനം അവസാന സെഷനില്‍ തോല്‍വി വഴങ്ങി. രണ്ട് വിക്കറ്റിന് 18 റണ്‍സ് എന്ന നിലയില്‍ അവസാന ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 197 റണ്‍സില്‍ പുറത്തായി. നാല് വിക്കറ്റുമായി കമ്മിന്‍സും രണ്ട് പേരെ വീതം പുറത്താക്കി ഹേസല്‍വുഡും ലിയോണുമാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ എറിഞ്ഞിട്ടത്. സ്‌കോര്‍: ഓസീസ്-497-8, 186-6. ഇംഗ്ലണ്ട്-301, 197.