സിഡ്‍നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്‍റെ ക്യാപ്റ്റന്‍സി വിലക്ക് അവസാനിച്ചു. 2018ലെ കേപ്‍ടൌണ്‍ ടെസ്റ്റില്‍ നടന്ന വിവാദ സംഭവത്തിലെ വിലക്ക് ഞായറാഴ്‍‌ചയാണ് അവസാനിച്ചത്. ഇതോടെ വീണ്ടും നായകസ്ഥാനത്തെത്താനുള്ള വഴി തുറക്കുകയാണ് സ്‍മിത്തിന്.

Read more: സ്‌മിത്തിനെയും വാര്‍ണറെയും കാത്തിരിക്കുന്നത് ഒരു വര്‍ഷത്തെ വിലക്ക്

താരമെന്ന നിലയിലുള്ള 12 മാസത്തെ വിലക്ക് നേരത്തെ അവസാനിച്ച സ്മിത്ത് ക്രീസില്‍ തിരിച്ചെത്തിയിരുന്നു. ടെസ്റ്റ് നായകനായി സ്മിത്തിനെ മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യങ്ങള്‍ ഉയർന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. ടെസ്റ്റില്‍ ടിം പെയ്‍നും ഏകദിന- ടി20 ടീമുകളെ ആരോണ്‍ ഫിഞ്ചുമാണ് ഇപ്പോള്‍ നയിക്കുന്നത്. പെയ്നിന്‍റെ ക്യാപ്റ്റന്‍സിയെ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗർ കഴിഞ്ഞ വർഷം പ്രശംസിച്ചിരുന്നു.

Read more: ബെന്‍ക്രോഫ്റ്റിന്റെ വെളിപ്പെടുത്തല്‍; പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ ബുദ്ധികേന്ദ്രം ആ താരത്തിന്റേതായിരുന്നു

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്മിത്തിന് പുറമെ ഓപ്പണർമാരായ ഡേവിഡ് വാർണർക്കും കാമറൂണ്‍ ബന്‍ക്രോഫ്റ്റിനും വിലക്ക് ലഭിച്ചിരുന്നു. ഏകദിന ലോകകപ്പിലൂടെ സ്മിത്തും വാർണറും ഓസീസ് ടീമില്‍ മടങ്ങിവരവ് നടത്തി. മൂവരും ആഷസ് പരമ്പരയിലൂടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ മടങ്ങിയെത്തിയത്. 

Read more: ക്രിക്കറ്റ് ലോകത്ത് വീണ്ടും പന്ത് ചുരണ്ടല്‍ വിവാദം; കത്തിപ്പടര്‍ന്ന് വീഡിയോ; പ്രതികരിച്ച് ഐസിസി