ലണ്ടന്‍: പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലീഷ് പേസര്‍ ലയാം പ്ലംകെറ്റ് പന്ത് ചുരണ്ടിയോ. ക്രിക്കറ്റ് ലോകത്ത് ഒരു വീഡിയോ ക്ലിപ്പോട് കൂടി വിവാദം കത്തിപ്പടരുകയാണ്. ലയാം നഖങ്ങള്‍ കൊണ്ട് പന്ത് ചുരണ്ടുന്നതായാണ് വീഡിയോയിലുള്ളത്. ഇംഗ്ലണ്ട് 12 റണ്‍സിന്‍റെ ആവേശജയം നേടിയ മത്സരത്തിലായിരുന്നു സംഭവം.

എന്നാല്‍ ലയാം പന്ത് ചുരണ്ടിയിട്ടില്ല എന്ന നിലപാടിലാണ് ഐസിസി. പന്ത് ചുരണ്ടല്‍ നടന്നതായി മാച്ച് ഒഫീഷ്യല്‍സിന് കണ്ടെത്താനായിട്ടില്ലെന്നും കുറ്റം ചെയ്തതിന് തെളിവില്ലെന്നും ഐസിസി വ്യക്തമാക്കി. 

കഴി‍ഞ്ഞ വര്‍ഷം(2018) പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടങ്ങിയ ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്‌മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ വിലക്ക് ലഭിച്ചിരുന്നു. സ്‌മിത്തിന്‍റെയും വാര്‍ണറുടെയും വിലക്ക് അടുത്തിടെയാണ് അവസാനിച്ചത്. കേപ്‌ടൗണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് 'സാന്‍ഡ് പേപ്പര്‍' ഉപയോഗിച്ച് പന്ത് ചുരണ്ടിയത്.