സിഡ്നി: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍  സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്തും വിരാട് കോലി രണ്ടാം സ്ഥാനത്തുമാണ്. ഇടക്ക് കോലി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും വിലക്കിനുശേഷം തിരിച്ചെത്തിയ സ്റ്റീവ് സ്മിത്ത് ആഷസിലെ മിന്നും പ്രകടനത്തിലൂടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 2015നുശേഷം ഇരുവരുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടിട്ടുള്ളത്. ഇടക്ക് എട്ടു ദിവസത്തേക്ക് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഒന്നാം സ്ഥാനത്ത് എത്തിയത് മാത്രമാണ് ഇതിനൊരു അപവാദം.

എന്നാല്‍ ഏകദിന റാങ്കിംഗില്‍ കോലിയുടെ ഒന്നാം സ്ഥാനത്തിന് വര്‍ഷങ്ങളായി ഇളക്കം തട്ടിയിട്ടില്ല. കോലിയാണോ സ്മിത്താണോ യഥാര്‍ത്ഥ നമ്പര്‍ വണ്‍ എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ എപ്പോഴും ഉയരാറുണ്ട്. എന്നാല്‍ ആരാധകരുടെ ഈ സംശയത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് ഏകദിന ടീം നായകന്‍ ആരോണ്‍ ഫിഞ്ച്.


ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെയും സ്മിത്തിന്റെയും റെക്കോര്‍ഡുകള്‍ അനുപമമാണെന്ന് ഫിഞ്ച് പറഞ്ഞു. സ്വന്തം രാജ്യത്ത് മാത്രമല്ല വിദേത്തും മികച്ച പ്രകടനം നടത്താന്‍ അവര്‍ക്കാവുന്നുണ്ട്. ഇവര്‍ കുറഞ്ഞ സ്കോറില്‍ പുറത്താവുന്നില്ല എന്നല്ല. പക്ഷെ തുടര്‍ച്ചയായി കുറഞ്ഞ സ്കോറില്‍ ഇവര്‍ പുറത്താവുന്നത് അപൂര്‍വമാണ്. കഴിഞ്ഞ തവണ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലിക്ക് തിളങ്ങാനായില്ലെങ്കിലും അദ്ദേഹം ശക്തമായി തിരിച്ചുവന്നു. സത്യസന്ധമായി പറഞ്ഞാല്‍ ടെസ്റ്റില്‍ സ്മിത്തിന് വിദേശത്ത് അങ്ങനെ തിളങ്ങാന്‍ കഴിയാതിരുന്നിട്ടില്ല. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ കോലിയെക്കാള്‍ നേരിയ മുന്‍തൂക്കം സ്മിത്തിനുണ്ട്. ടെസ്റ്റില്‍ സ്മിത്തിന്റെ പ്രകടനം അവിശ്വസനീയമാണെന്നും സ്പോര്‍ട്സ് ടാക്കിന് നല്‍കിയ അഭിമുഖത്തില്‍ ഫിഞ്ച് വ്യക്തമാക്കി.

Also Read:ഇതിന് നിങ്ങള്‍ അനുഭവിക്കും; ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി സുനില്‍ ഛേത്രി

എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ സ്മിത്തിനേക്കാള്‍ കേമന്‍ കോലി തന്നെയാണെന്നും ഫിഞ്ച് പറഞ്ഞു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനായിട്ടായിരിക്കും കോലി കരിയര്‍ അവസാനിപ്പിക്കുക. കോലിക്കെതിരെ കളിക്കുക എന്നത് എപ്പോഴും ബുദ്ധിമുട്ടാണ്. പക്ഷെ അദ്ദേഹം എന്ത്  മനോഹരമായാണ് കളിക്കുന്നത്. മികച്ചവരില്‍ മികച്ചവനെതിരെ കളിക്കുന്നതുപോലെയാണ് കോലിക്കെതിരെ കളിക്കുന്നത്. സച്ചിന്‍ കോലിയേക്കാള്‍ സെഞ്ചുറി നേടിയിട്ടുണ്ടാകാം. പക്ഷെ റണ്‍ ചേസില്‍ കോലി പുറത്തെടുക്കുന്ന മികവും ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്ന രീതിയും അസാമാന്യമാണ്.

മാത്രമല്ല, റണ്‍ചേസില്‍ കോലിയുടെ സെഞ്ചുറികള്‍ വിജയത്തില്‍ എത്രമാത്രം നിര്‍ണായകമായിരുന്നുവെന്നതും പ്രസക്തമാണ്. ടി20 ക്രിക്കറ്റിലും സ്മിത്തിനേക്കാള്‍ മികവ് കോലിക്കാണ്. ഒരുപക്ഷെ കോലി സ്മിത്തിനെക്കാള്‍ കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിക്കുന്നുണ്ടെന്നത് അതിന് കാരണമാവാമെന്നും ഫിഞ്ച് പറഞ്ഞു. ടെസ്റ്റിലും ഏകദിനത്തിലുമായി കോലിക്ക് 70 സെഞ്ചുറികളുണ്ട്. പക്ഷെ ടെസ്റ്റില്‍ 73 മത്സരങ്ങളില്‍ 62.74 ശരാശരിയില്‍ 7227 റണ്‍സ് നേടിയിട്ടുള്ള സ്മിത്ത് കോലിയെക്കാള്‍ മുന്നിലാണ്.