ലീഡ്സ്: ആഷസ് പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയുമായി ഓസീസ് താരം സ്റ്റീവ് സ്മിത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുമ്പോള്‍ വിരാട് കോലിയോ സ്റ്റീവ് സ്മിത്തോ കേമനെന്ന ചോദ്യത്തിന് മറുപടിയുമായി മുന്‍ ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍.

ടെസ്റ്റില്‍ ഏതെങ്കിലും ഒരു കളിക്കാരനെ മാത്രം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ കോലിക്കുമേല്‍ സ്മിത്തിന് നേരിയ മുന്‍തൂക്കമുണ്ടെന്ന് വോണ്‍ പറഞ്ഞു. എന്നാല്‍ മറ്റ് ഫോര്‍മാറ്റുകള്‍ കൂടി കണക്കിലെടുത്താല്‍ കോലി തന്നെയാണ് ഒന്നാമനെന്നും വോണ്‍ വ്യക്തമാക്കി.

ടെസ്റ്റില്‍ കോലിയോ സ്മിത്തോ കേമനെന്ന ചോദ്യത്തിന് ഉത്തരം അല്‍പം ബുദ്ധിമുട്ടേറിയതാണ്. എങ്കിലും ഒരാളെ തെരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ സ്മിത്തിനെയാവും തെരഞ്ഞെടുക്കുക. ഞാനതില്‍ പരാജയപ്പെട്ടാലും എനിക്ക് വിഷമമില്ല. കാരണം കോലിയും എന്നെ സംബന്ധിച്ചിടത്തോളം ഇതിഹാസമാണ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 100 രാജ്യാന്തര സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലി തകര്‍ക്കുമെന്നും വിവിധ ഫോര്‍മാറ്റുകളിലെ പ്രകടനം നോക്കിയാല്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ കോലി തന്നെയാണെന്നും വോണ്‍ പറഞ്ഞു. വിവിയന്‍ റിച്ചാര്‍ഡ്സാണ് ഏകദിന ക്രിക്കറ്റില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്‍. ഒരു പരിധിവരെ ടെസ്റ്റ് ക്രിക്കറ്റിലും. എന്നാല്‍ കോലി വിവിയന്‍ റിച്ചാര്‍ഡ്സിനേക്കാള്‍ കേമനാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും വോണ്‍ പറഞ്ഞു.