2014 മുതല്‍ 2018 വരെ നായകനായിരുന്ന സ്മിത്തിന് പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നാണ് പദവി നഷ്ടമായത്. വ്യാഴാഴ്ചയാണ് ഇന്ത്യ, ഓസീസ് അവസാന ടെസ്റ്റ് അഹമ്മദാബാദില്‍ തുടങ്ങുന്നത്.

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിലും സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയെ നയിക്കും. രണ്ടാം ടെസ്റ്റിന് ശേഷം, അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയ സ്ഥിരം നായകന്‍ പാറ്റ് കമ്മിന്‍സ് നാട്ടില്‍ തന്നെ തുടരുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ആദ്യ രണ്ട് ടെസ്റ്റിലും തോറ്റ ഓസീസ് മൂന്നാം ടെസ്റ്റില്‍ വിജയത്തോടെ തിരിച്ചുവന്നതില്‍ സ്മിത്തിന്റെ നേതൃമികവ് നിര്‍ണായകമായിരുന്നു.

2014 മുതല്‍ 2018 വരെ നായകനായിരുന്ന സ്മിത്തിന് പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നാണ് പദവി നഷ്ടമായത്. വ്യാഴാഴ്ചയാണ് ഇന്ത്യ, ഓസീസ് അവസാന ടെസ്റ്റ് അഹമ്മദാബാദില്‍ തുടങ്ങുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിലെ വിജയത്തോടെ ഓസീസ് പരമ്പരയില്‍ ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. 

നാഗ്പൂരിലും ദില്ലിയിലും നടന്ന ആദ്യ രണ്ട് ടെസ്റ്റുകള്‍ പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ ദയനീയമായി തോറ്റ ഓസീസാണ് ഇന്‍ഡോറില്‍ ഗംഭീര മടങ്ങിവരവ് നടത്തിയത്. സ്പിന്നര്‍മാര്‍ ആതിപത്യം പുലര്‍ത്തിയ ഇന്‍ഡോറിലെ കറങ്ങും പിച്ചില്‍ ഇന്ത്യയെ 9 വിക്കറ്റിന് തോല്‍പിക്കുകയായിരുന്നു സന്ദര്‍ശകര്‍. ജയത്തിന് പിന്നാലെ സ്മിത്ത് പൂര്‍ണ സമയ ക്യാപ്റ്റന്‍സി ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി ശ്രദ്ധേയമായി. ഇത് പാറ്റ് കമ്മിന്‍സിന്റെ ടീമാണ് എന്നായിരുന്നു സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം. പൂര്‍ണസമയ നായകനായി തിരിച്ചുവരില്ലെന്ന സൂചനയാണ് സ്മിത്ത് നല്‍കിയത്.

ഇന്ത്യക്കെതിരെ ഏകദിന പരമ്പരയിലും സ്മിത്തായിരിക്കും നയിക്കാന്‍ സാധ്യത. 17ന് മുംബൈ വാഖഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. 19ന് രണ്ടാം ഏകദിനം വിശാഖപട്ടണത്ത് നടക്കും. അവസാന ഏകദിനം 22ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് രണ്ടിനാണ് ആരംഭിക്കുക. വര്‍ഷാവസാനം ഏകദിന ലോകകപ്പ് ഇന്ത്യയിലാണ് നടക്കേണ്ടത് എന്നുള്ളതിനാല്‍ ഇരു ടീമുകളേയും സംബന്ധിച്ച് പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്.

ഓസ്ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മിച്ചല്‍ മാര്‍ഷ്, അലക്സ് ക്യാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഇന്‍ഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്റ്റോയിനിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ എല്ലിസ്, ആഡം സാംപ, കാമറൂണ്‍ ഗ്രീന്‍, അഷ്ടണ്‍ അഗര്‍, സീന്‍ അബോട്ട്.

ഇന്ത്യക്കെതിരെ ഏകദിന പരമ്പര: ഓസീസിന് തിരിച്ചടി, യുവതാരം കളിക്കില്ല; നഷ്ടം മുംബൈ ഇന്ത്യന്‍സിനും!