ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുമുള്ള റിങ്കു ഉത്തര്‍പ്രദേശിന്‍റെ അടുത്ത മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നേക്കുമെന്നാണ് കരുതുന്നത്.
രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്ന് ഇന്ത്യൻ താരം റിങ്കു സിംഗ്. വിദര്‍ഭക്കെതിരെ അഞ്ചാമനായി ക്രീസിലെത്തിയ റിങ്കു 30 പന്തില്‍ 57 റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ പരിക്കേറ്റതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലുള്‍പ്പെട്ട റിങ്കുവിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. മുന്‍കരുതലെന്ന നിലക്കാണ് യുപി ക്യാപ്റ്റൻ കൂടിയായ റിങ്കു ക്രീസ് വിട്ടത് എന്നാണ് കരുതുന്നത്. റിങ്കുവിന് പുറമെ ഓപ്പണര്‍ അഭിഷേക് ഗോസ്വാമി സെഞ്ചുറിയും പ്രിയം ഗാര്‍ഗ്(49 പന്തില്‍ 67), ധ്രൂവ് ജുറെല്‍(61 പന്തില്‍ 56) എന്നിവര്‍ അര്‍ധസെഞ്ചുറികളും നേടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സടിച്ചു.
വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ഫോമിലാണ് റിങ്കു സിംഗ് ബാറ്റ് ചെയ്യുന്നത്. ഹൈദരാബാദിനെതിരെ 48 പന്തില്‍ 67, ചണ്ഡീഗഡിനെതിരെ 60 പന്തില്‍ 106*, ബറോഡക്കെതിരെ 67 പന്തില്‍ 63, ആസമിനെതിരെ 15 പന്തില്‍ 37*, ജമ്മു കശ്മീരിനെതിരെ 35 പന്തില്‍ 41, വിദര്‍ഭക്കെതിരെ 30 പന്തില്‍ 57 എന്നിങ്ങനെ കഴിഞ്ഞ ആറ് ഇന്നിംഗ്സുകളില്‍ 92.75 ശരാശരിയിലും 145.49 സ്ട്രൈക്ക് റേറ്റിലും 371 റണ്‍സാണ് റിങ്കു ഇതുവരെ അടിച്ചുകൂട്ടിയത്.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുമുള്ള റിങ്കു ഉത്തര്‍പ്രദേശിന്‍റെ അടുത്ത മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നേക്കുമെന്നാണ് കരുതുന്നത്.എലൈറ്റ് ഗ്രൂപ്പ് ബിയില്‍ അഞ്ച് കളികളില്‍ അഞ്ച് ജയവുമായി ഒന്നാം സ്ഥാനത്താണ് ഉത്തര്‍പ്രദേശ്. അഞ്ച് കളികളില്‍ നാലു ജയമുള്ള വിദര്‍ഭ രണ്ടാം സ്ഥാനത്താണ്.


