സിഡ്‌നി: ചതുര്‍ദിന ടെസ്റ്റിനെ ചൊല്ലിയുള്ള ചര്‍ച്ച ക്രിക്കറ്റ് ലോകത്ത് പൊടിപൊടിക്കുകയാണ്. ടെസ്റ്റ് മത്സരങ്ങള്‍ നാലുദിവസമായി ചുരുക്കുന്നതിനെ പലരും പിന്തുണയ്‌ക്കുമ്പോഴും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ക്രിക്കറ്റിലെ ഏറ്റവും വലിയ ഫോര്‍മാറ്റിന്‍റെ ശോഭയും പാരമ്പര്യവും നാലുദിന മത്സരങ്ങള്‍ കവരും എന്നാണ് വിമര്‍ശകരുടെ വാദം.

ചര്‍ച്ചകള്‍ സജീവമായിരിക്കേ ചതുര്‍ദിന ടെസ്റ്റിനെ കുറിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് മുന്‍നായകനും ഇതിഹാസ താരവുമായ സ്റ്റീവ് വോ. എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട് തള്ളുകയാണ് വോ പ്രതികരണത്തില്‍. 

'ഞാനൊരു പാരമ്പര്യവാദിയാണ്. അഞ്ചുദിന മത്സരങ്ങളോടാണ് തനിക്ക് താല്‍പര്യം. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങളാണ് ഒരു താരത്തിന്‍റെ കഴിവിനെയും കരുത്തിനെയും അളക്കുക. ടെസ്റ്റ് ക്രിക്കറ്റ് പരിമിതമാക്കുന്നതിനോട് താരങ്ങള്‍ക്ക് യോജിപ്പുണ്ടാകാന്‍ സാധ്യതയില്ല. ലോകത്തെ ഏറ്റവും മികച്ച ചില ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസം പൂര്‍ണമായും നടന്നവയാണ്. അങ്ങനെയുള്ളപ്പോള്‍ എന്തിനാണ് വെട്ടിച്ചിരുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ക്രിക്കറ്റിന്‍റെ അടിസ്ഥാനമാണ് ടെസ്റ്റ് ക്രിക്കറ്റ്. അതിനെ അതേ രൂപത്തില്‍ വിടുക' എന്നും സ്റ്റീവ് വോ വ്യക്തമാക്കി. 

ഐസിസിയുടെ പുതിയ നിര്‍ദേശത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിഹാസങ്ങളായ റിക്കി പോണ്ടിംഗും ഗ്ലെന്‍ മഗ്രാത്തും ടെസ്റ്റിനെ അതേ രൂപത്തില്‍ നിലനിര്‍ത്തണം എന്ന് വാദിക്കുന്നവരാണ്. ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ എന്ന നിര്‍ദേശം ദുബായിൽ മാര്‍ച്ച് 27 മുതൽ 31 വരെ നടക്കുന്ന ഐസിസി ക്രിക്കറ്റ് കമ്മിറ്റി യോഗം ചര്‍ച്ചയ്‌ക്കെടുക്കും. അനില്‍ കുംബ്ലെയെ കൂടാതെ മുന്‍ താരങ്ങളായ ആന്‍ഡ്രൂ സ്‌ട്രോസ്, രാഹുല്‍ ദ്രാവിഡ്, മഹേള ജയവര്‍ധനെ, ഷോണ്‍ പൊള്ളാക്ക് എന്നിവരും ക്രിക്കറ്റ് കമ്മിറ്റിയില്‍ അംഗങ്ങളാണ്.