വിശപ്പിനേക്കാള്‍ വലുതൊന്നുമില്ലായിരുന്നു! അണ്ടര്‍ 19 ഇന്ത്യന്‍ ടീം നായകന്‍ മുഹമ്മദ് അമാന്റെ അവിശ്വസനീയ കഥ
ട്രക്ക് ഡ്രൈവറായിരുന്നു അദ്ദേഹത്തിന്റെ പിതാവ് മെഹ്താബ് രണ്ട് വര്‍ഷത്തിന് ശേഷം ദീര്‍ഘനാളത്തെ അസുഖത്തിന് ശേഷം മരിച്ചു.
ലഖ്‌നൗ: കഴിഞ്ഞ ദിവസാണ് ഓസ്‌ട്രേലിയ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിനെതിരായ ഏകദിന-ചതുര്‍ദിന ടീമിനുള്ള ഇന്ത്യന്‍ യുവനിരയെ പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമൊക്കെയായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡും ടീമില്‍ ഇടം നേടിയിരുന്നു. ഏകദിന ടീമിനെ മുഹമ്മദ് അമാനാണ് നയിക്കുന്നത്. ഈ പതിനെട്ടുകാരന്റെ കഥ തന്നെയാണ് ഇപ്പോള്‍ വാര്‍ത്തയാക്കുന്നത്. 16-ാം വയസില്‍ തന്നെ അനാഥനായവനാണ് അമാന്‍. തന്റെ മൂന്ന് ഇളയ സഹോദരങ്ങളുടെ ഉത്തരവാദിത്തം കൂടി അമാനാണ്. അമാനിന് രണ്ട് വഴികളുണ്ടായിരുന്നു. ഒന്നുകില്‍ ക്രിക്കറ്റ് കളിക്കുന്നത് തുടരുക, അല്ലെങ്കില്‍ തന്റെ സ്വപ്നം ഉപേക്ഷിച്ച് ദിവസകൂലിക്ക് ജോലി ചെയ്യുക.
അമാന്റെ അമ്മ സൈബ 2020ല്‍ കോവിഡ് സമയത്ത് മരിച്ചു. ഒരു ട്രക്ക് ഡ്രൈവറായിരുന്നു അദ്ദേഹത്തിന്റെ പിതാവ് മെഹ്താബ് രണ്ട് വര്‍ഷത്തിന് ശേഷം ദീര്‍ഘനാളത്തെ അസുഖത്തിന് ശേഷം മരിച്ചു. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ താമസിക്കുന്ന അമാന്‍, ആ ഇരുണ്ട ദിനങ്ങളെ എങ്ങനെ അതിജീവിച്ചുവെന്നത് അവിശ്വസനീയമായ കാര്യമാണ്. അന്നത്തെ ദിവസങ്ങളെ കുറിച്ച് അമാന്‍ ഓര്‍ക്കുന്നതിങ്ങനെ... ''എന്റെ പിതാവിനെ നഷ്ടപ്പെട്ടപ്പോള്‍, പിന്നീട് ഒരു ദിവസം ഞാന്‍ പെട്ടന്ന് വളര്‍ന്നത് പോലെ തോന്നി. കുടുംബത്തിന്റെ നാഥനായി ഞാന്‍. എന്റെ അനുജത്തിയെയും രണ്ട് സഹോദരന്മാരെയും നോക്കേണ്ടതുണ്ടായിരുന്നു. ക്രിക്കറ്റ് ഉപേക്ഷിക്കണമെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു. സഹാറന്‍പൂരില്‍ ജോലി നോക്കുകപോലും ചെയ്തു, പക്ഷേ ഒന്നും വിജയിച്ചില്ല. എന്നിരുന്നാലും കുറച്ച് പേര്‍ എന്റെ കഴിവിനെ പിന്തുണക്കാന്‍ തയ്യാറായിരുന്നു.'' അമാന്‍ പറഞ്ഞു.
ഒരോവറില്‍ ആറ് സിക്‌സുകള്‍! വരവറിയിച്ച് പ്രിയാന്‍ഷ് ആര്യ, ആയുഷ് ബദോനിയുടെ അഴിഞ്ഞാട്ടം; വൈറല്‍ വീഡിയോ
അമാന്‍ തുടര്‍ന്നു. ''വിശപ്പിനെക്കാള്‍ വലുതായി ഒന്നുമില്ല. ഞാന്‍ ഇപ്പോള്‍ എന്റെ ഭക്ഷണം പാഴാക്കുന്നില്ല, കാരണം ഭക്ഷണമില്ലാത്ത അവസ്ഥ എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. ഞങ്ങള്‍ക്ക് കാണ്‍പൂരില്‍ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ പ്രായപരിധിയിലുള്ള ട്രയല്‍സ് ഉണ്ടായിരുന്നു. ഞാന്‍ ട്രെയ്‌നില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുമായിരുന്നു. ടോയ്ലറ്റിന് സമീപം ഇരുന്നു. ഇപ്പോള്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും ഒരു നല്ല ഹോട്ടലില്‍ താമസിക്കുമ്പോഴും ഞാന്‍ അതിന് ദൈവത്തോട് നന്ദി പറയുന്നു. പക്ഷേ, തന്റെ സ്വപ്നം പിന്തുടരാന്‍ കഴിഞ്ഞതില്‍ അവന്‍ നന്ദിയുള്ളവനാണ്. ആ നിമിഷങ്ങളെല്ലാം ഞാന്‍ വിലമതിക്കുന്നു. സമയം എത്ര കഠിനമായിരുന്നുവെന്ന് എനിക്ക് വിശദീകരിക്കാന്‍ കഴിയില്ല.'' അമന്‍ പറഞ്ഞു. തന്റെ പരിശീലകന്‍ രാജീവ് ഗോയലിനോട് നന്ദി പറയാനും അമാന്‍ മറന്നില്ല.
ഗോയല്‍ അമാനെ കുറിച്ച് പറയുന്നതിങ്ങനെ.. ''വീട്ടില്‍ പണമില്ല, എനിക്ക് ഏതെങ്കിലും തുണിക്കടയില്‍ ജോലി തരുമോയെന്ന് അമന്‍ എന്നോട് ചോദിച്ചു. എന്റെ അക്കാദമിയില്‍ വരാനും കുട്ടിത്താരങ്ങളെ പരിശീലിപ്പിക്കാനും ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു. അതിനാല്‍, അവന്‍ ദിവസവും എട്ട് മണിക്കൂര്‍ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു. ഈ കഠിനാധ്വാനമാണ് ഫലം കണ്ടത്.'' ഗോയല്‍ പറയുന്നു.