ലണ്ടന്‍: വിന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരയ്‌ക്കിടെ മാനസികമായി തളര്‍ന്നെന്നും വിരമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തി ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ആദ്യ ടെസ്റ്റിനുള്ള ഇലവനില്‍ നിന്ന് പുറത്തായതോടെയാണ് ഇങ്ങനെയൊരു ആലോചന മുറുകിയതെന്ന് മുപ്പത്തിനാലുകാരനായ ബ്രോഡ് വ്യക്തമാക്കി. 

'ആദ്യ ടെസ്റ്റില്‍ കളിക്കാനാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതിനുള്ള യോഗ്യത തനിക്കുണ്ട് എന്ന് വിശ്വസിക്കുന്നു. ടീമില്‍ നിന്ന് പുറത്തായതോടെ വിരമിക്കല്‍ ചിന്ത എന്നിലുദിച്ചു. റൂമില്‍ ഒറ്റയ്‌ക്കായിരുന്നു താമസം. രണ്ട് ദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്നാല്‍ എന്‍റെ കുടുംബവും ആദ്യ ടെസ്റ്റില്‍ ടീമിനെ നയിച്ച ബെന്‍ സ്റ്റോക്‌സും സഹായത്തിനെത്തി. രാത്രി എന്നെ കാണാനെത്തിയ സ്റ്റോക്‌സ് ഏറെനേരം സംസാരിച്ചു. ക്രിക്കറ്റിനെ കുറിച്ചല്ല, നിങ്ങള്‍ സുഖമായിരിക്കുന്നോ സഹോ എന്നായിരുന്നു സ്റ്റോക്‌സിന്‍റെ വാക്കുകള്‍. സ്റ്റോക്‌സ് വിസ്‌മയ താരവും അദേഹത്തോട് അതിയായ ബഹുമാനമുണ്ട്' എന്നും ബ്രോഡ് പറഞ്ഞു. 

ടെസ്റ്റ് കരിയറില്‍ 500 വിക്കറ്റ് എന്ന നാഴികക്കല്ല് വിന്‍ഡീസിനെതിരായ പരമ്പരയ്‌ക്കിടെ സ്റ്റുവര്‍ട്ട് ബ്രോഡ് പിന്നിട്ടിരുന്നു. ഈ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ഏഴാം താരമായി ഇതോടെ ബ്രോഡ്. 500 വിക്കറ്റ് തികയ്‌ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ബൗളറാണ് ബ്രോഡ്. ആദ്യ ടെസ്റ്റില്‍ കളിച്ചില്ലെങ്കിലും പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങളില്‍ കളിച്ച് ബ്രോഡ് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്‌ത്തിയ ബ്രോഡ് മൂന്നാം മത്സരത്തില്‍ 10 പേരെ പുറത്താക്കി ഇംഗ്ലണ്ടിന്‍റെ പരമ്പര ജയത്തില്‍ നിര്‍ണായകമായി. 

നിങ്ങളൊരു ഇതിഹാസമാണ്, 500 വിക്കറ്റ് ക്ലബിലെത്തിയ ബ്രോഡിന് യുവരാജിന്‍റെ ഹൃദയസ്പര്‍ശിയായ അഭിനന്ദന സന്ദേശം

ഐസിസി ടെസ്റ്റ് റാങ്കിംഗ്; 'അഞ്ഞൂറാന്‍' ആയതിന് പിന്നാലെ റാങ്കിംഗിലും കുതിച്ച് ബ്രോഡ്