334 പന്തിൽ പുറത്താകാതെ 367 റൺസ് എടുത്ത് നിൽക്കവെയാണ് നായകൻ കൂടിയായ താരം ടീമിന്‍റെ ഡിക്ലറേഷൻ പ്രഖ്യാപിച്ചത്
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുള്ള ഡിക്ലറേഷന്‍റെ കാരണം വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കൻ നായകൻ വിയാൻ മുൾഡർ. വ്യക്തിഗത സ്കോർ 367 റൺസിൽ നിൽക്കെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത് ഇതിഹാസ താരം ബ്രയാൻ ലാറയോടുള്ള ബഹുമാനമാണെന്നാണ് വിയാൻ മുൾഡർ വെളിപ്പെടുത്തിയത്. സിംബാബ്വേക്കെതിരായ രണ്ടാം ടെസ്റ്റിലാണ് നാടകീയ ഡിക്ലറേഷൻ ഉണ്ടായത്. 334 പന്തിൽ പുറത്താകാതെ 367 റൺസ് എടുത്ത് നിൽക്കവെയാണ് നായകൻ കൂടിയായ താരം ടീമിന്‍റെ ഡിക്ലറേഷൻ പ്രഖ്യാപിച്ചത്. തകർപ്പൻ ഫോമിൽ കളിച്ച മുൾഡർ, ഒരിന്നിംഗിസിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ബ്രയാൻ ലാറയുടെ 400 റൺസ് ലോക റെക്കോർഡ് തകർക്കാൻ ശ്രമിക്കാതെ പിന്മാറിയത് ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചിരുന്നു.
രണ്ടാം ദിവസം ആദ്യ സെഷൻ കഴിഞ്ഞതിന് പിന്നാലെയായിരുന്നു മുൾഡറുടെ അമ്പരപ്പിച്ച തീരുമാനം. ദക്ഷിണാഫ്രിക്കൻ സ്കോർ 626 റൺസെത്തിയപ്പോളായിരുന്നു ഇത്. ഡിക്ലറേഷൻ ലാറയോടുള്ള ബഹുമാനം കാരണമാണെന്ന് പറഞ്ഞ ദക്ഷിണാഫ്രിക്കൻ നായകൻ, സിംബാബ്വേക്കെതിരെ ജയത്തിന് ആവശ്യമായ റൺസ് ടീം നേടിയെന്നും കൂട്ടിച്ചേർത്തു. ലാറയുടെ 400 റൺസ് ലോക റെക്കോഡ് നേട്ടം ഇംഗ്ലണ്ടിനെതിരെ ആയിരുന്നു. താൻ ഒരിക്കലും അതിലേക്ക് ലക്ഷ്യം വയ്ക്കില്ലെന്നും ദക്ഷിണാഫ്രിക്കൻ നായകൻ വ്യക്തമാക്കി. ഇനിയൊരിക്കൽ ഇങ്ങനെ അവസരം ലഭിച്ചാലും തീരുമാനം മാറില്ലെന്നും മുൾഡർ വിവരിച്ചു. ഇതിഹാസ താരങ്ങൾ ആണ് റെക്കോർഡുകൾക്ക് ഉടമയാകേണ്ടതെന്നും മുൾഡർ കൂട്ടിച്ചേർത്തു.


