2016ല്‍ ടീം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച റിഷി ധവാന്‍ രണ്ട് ഏകദിനങ്ങളും ഒരു ടി20യും മാത്രമാണ് കളിച്ചത്

കൊല്‍ക്കത്ത: പരിക്കും ഫോമില്ലായ്‌മയും വലയ്‌ക്കുന്ന ഹര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) കാര്യം അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെ ടീം ഇന്ത്യയിലേക്ക് (Team India) പഴയൊരു പേസ് ഓള്‍റൗണ്ടറെ തിരിച്ചുവിളിക്കണം എന്ന ആവശ്യവുമായി ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ (Sunil Gavaskar). ഏഴ് വര്‍ഷം മുമ്പ് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ച റിഷി ധവാന്‍റെ (Rishi Dhawan) ആഭ്യന്തര ക്രിക്കറ്റിലെ ഫോം സീനിയര്‍ ടീമിനായി പരിഗണിക്കണം എന്നാണ് ഗാവസ്‌കറുടെ ആവശ്യം. 

'റിഷി ധവാന്‍ ടീം ഇന്ത്യക്കായി മുമ്പ് കളിച്ചിട്ടുള്ള താരമാണ്. അഞ്ചാറ് വര്‍ഷം മുമ്പ്. ടീം ഇന്ത്യക്കൊരു പേസ് ഓള്‍റൗണ്ടറെ വേണം. 1983, 2011 ലോകകപ്പുകളിലെ ജയം നോക്കിയാല്‍ ടീമിലെ ഓള്‍റൗണ്ടര്‍മാരുടെ പ്രാധാന്യം വ്യക്തമാകും. ഓള്‍റൗണ്ടര്‍ ടീമിലുണ്ടെങ്കില്‍ ക്യാപ്റ്റനും സെലക്ഷന് കമ്മിറ്റിക്കും കൂടുതല്‍ ഓപ്‌ഷനുകള്‍ ലഭിക്കും. റിഷി ധവാന്‍ സീസണില്‍ നടത്തിയ പ്രകടനം നോക്കിയാല്‍ അദേഹത്തിനൊരു അവസരം ഉറപ്പായും നല്‍കണം എന്നാണ് തോന്നുന്നത്. ആറോ ഏഴോ നമ്പറില്‍ ബാറ്റ് ചെയ്യാനാവുന്ന, ആദ്യ ബൗളിംഗ് മാറ്റമായി ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് വേണ്ടത്' എന്നതും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

2016ല്‍ ടീം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച റിഷി ധവാന്‍ രണ്ട് ഏകദിനങ്ങളും ഒരു ടി20യും മാത്രമാണ് കളിച്ചത്. എന്നാല്‍ വിജയ് ഹസാരേ ട്രോഫി 2021/22 സീസണില്‍ മികച്ച പ്രകടനമാണ് റിഷി ധവാന്‍ കാഴ്‌ചവെച്ചത്. ടൂര്‍ണമെന്‍റില്‍ റുതുരാജ് ഗെയ്‌ക്‌വാദിന് പിന്നിലായി രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായി. എട്ട് ഇന്നിംഗ്‌‌സില്‍ അഞ്ച് അര്‍ധ സെഞ്ചുറിയടക്കം 76.33 ശരാശരിയില്‍ 458 റണ്‍സ് 31കാരനായ റിഷി നേടി. 16 പേരെ പുറത്താക്കി ടൂര്‍ണമെന്‍റിലെ മൂന്നാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനുമായി. 

ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞിട്ടില്ല ഹര്‍ദിക് പാണ്ഡ്യ. ശസ്‌ത്രക്രിയക്ക് ശേഷം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി ടീമില്‍ നിന്ന് സ്വമേധയാ മാറിനില്‍ക്കുകയായിരുന്നു താരം. ടി20 ലോകകപ്പില്‍ പന്തെറിയാതിരുന്നതില്‍ ഓള്‍റൗണ്ടറായ ഹര്‍ദിക് വലിയ വിമര്‍ശനം നേരിട്ടിരുന്നു. 2018 ഡിസംബറിന് ശേഷം റെഡ് ബോളില്‍ കളിച്ചിട്ടില്ല താരം. രഞ്ജി ട്രോഫി കളിച്ച് ആരോഗ്യം മെച്ചപ്പെടുത്തി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ ഹര്‍ദിക്കിന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഉപദേശം നല്‍കിയിരുന്നു. എന്നാല്‍ ഇക്കുറി രഞ്ജി ട്രോഫി കളിക്കേണ്ടാ എന്നാണ് ഹര്‍ദിക് പാണ്ഡ്യയുടെ തീരുമാനം. 

IPL 2022 : രോഹിത്തിന് പകരം നായകസ്ഥാനമായിരുന്നു ഹാര്‍ദിക്കിന്റെ മനസില്‍; പിന്നാലെ 'പുറത്ത്', താരത്തിന് ട്രോള്‍

ഐപിഎല്‍ പതിനഞ്ചാം സീസണിലൂടെ മൈതാനത്ത് തിരിച്ചെത്താനാണ് ഹര്‍ദിക് പാണ്ഡ്യയുടെ ശ്രമം. ലീഗില്‍ പുത്തന്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുന്നത് ഹര്‍ദിക്കാണ്.

IPL 2022 : 'അഹമ്മദാബാദ് ടൈറ്റന്‍സ്' അല്ല; ഔദ്യോഗിക പേര് വെളിപ്പെടുത്തി ഗുജറാത്തിന്റെ ഐപിഎല്‍ ഫ്രാഞ്ചൈസി