ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് പരിശീലന മത്സരം കളിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ഗാവസ്‌കര്‍ കുറ്റപ്പെടുത്തി.

മുംബൈ: സെഞ്ചൂറിയന്‍ ടെസ്റ്റിലെ വന്പന്‍തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍നായകന്‍ സുനില്‍ ഗാവസ്‌കര്‍. സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വിയാണുണ്ടായത്. 163 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് കടവുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 34.1 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്‌സിനും 32 റണ്‍സിനും തോറ്റു. 76 റണ്‍സെടുത്ത വിരാട് കോലി മാത്രമെ ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്‌സില്‍ പൊരുതിയുള്ളു.

പിന്നാലെയാണ് ഗവാസ്‌കര്‍ വിമര്‍ശനുമായെത്തിയത്. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് പരിശീലന മത്സരം കളിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ഗാവസ്‌കര്‍ കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ദക്ഷിണാഫ്രിക്കന്‍ പേസ് കരുത്തിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. ഫലം മൂന്നാം ദിനം ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വി. തയ്യാറെടുപ്പുകളിലെ പോരായ്മയാണ് ഞെട്ടിക്കുന്ന തോല്‍വിക്ക് കാരണം. ഒറ്റ പരിശീലന മത്സരംപോലും കളിക്കാതിരുന്നത് ഗുരുതര വീഴ്ച്ചയാണ്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് മത്സരം കളിക്കുക എളുപ്പമല്ല. തയ്യാറെടുപ്പില്ലാതെ ഇറങ്ങിയതാണ് സെഞ്ചൂറിയനില്‍ ഇന്ത്യക്ക് വിനയായത്. നിര്‍ബന്ധമായും പരിശീലന മത്സരം കളിക്കണമായിരുന്നു. ടീം മാനേജ്‌മെന്റിന്റെ വീഴ്ചയാണിത്. ഇന്ത്യ എ ടീമിലെ താരങ്ങളുമായാണ് രോഹിത് ശര്‍മ അടക്കമുള്ളവര്‍ കളിച്ചത്. ഇതൊരു തമാശ ആയേ കാണാന്‍ കഴിയൂ. ശക്തമായ ബൗളിംഗ് നിരയെ നേരിടാനുള്ള പരിചയം പരിശീലന മത്സരത്തിലൂടെയേ കിട്ടൂ.'' ഗവാസ്‌കര്‍ കുറ്റപ്പെടുത്തി. 

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയം ലക്ഷ്യമിട്ടെത്തിയ ഇന്ത്യ സെഞ്ചൂറിയനില്‍ മുട്ടുകുത്തിയത് ഇന്നിംഗ്‌സിനും 32 റണ്‍സിനും. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 245നും രണ്ടാം ഇന്നിംഗ്‌സ് 131നും അവസാനിച്ചു. ജനുവരി മൂന്നിന് കേപ്ടൗണിലാണ് രണ്ടാം ടെസ്റ്റിന് തുടക്കമാവുക. രണ്ട് ടെസ്റ്റുകളുടെ പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യം.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസ്: നേപ്പാള്‍ സ്പിന്നര്‍ ലാമിചാനെ കുറ്റക്കാരനെന്ന് കോടതി