Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദഗതി; നിലപാട് വ്യക്തമാക്കി സുനില്‍ ഗവാസ്കര്‍

 കലുഷിതമായ അന്തരീക്ഷമാണ് രാജ്യത്തുള്ളത്. ഇത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്നും ഗവാസ്കര്‍

Sunil Gavaskar responds-to-caa-and-caa-protest
Author
Delhi, First Published Jan 11, 2020, 7:29 PM IST

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ആശങ്കയറിയിച്ച് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. വിദ്യാര്‍ഥികള്‍ തെരുവില്‍ കൈകാര്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ രാജ്യത്താകെ കലാപ അന്തരീക്ഷമാണുള്ളതെന്ന് ഗവാസ്കര്‍ പറഞ്ഞു. ഈ നിയമം കാരണം രാജ്യത്തെ നനിരവധി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങുകയും നിരവധി പേര്‍ ആശുപത്രിയിലാവുകയും ചെയ്തിരിക്കുന്നു. കലുഷിതമായ അന്തരീക്ഷമാണ് രാജ്യത്തുള്ളത്. ഇത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്നും ഗവാസ്കര്‍ പറഞ്ഞു. ലാല്‍ ബഹാദൂര്‍ ശാസ്ത്രി ചരമവാര്‍ഷിക ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കവെ ആണ് പൗരത്വ ഭേദഗതി നിയമിത്തിലെ ആശങ്ക ഗവാസ്കര്‍ പങ്കുവെച്ചത്.

നേരത്തെ നിയമത്തെ അനുകൂലിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രി രംഗത്തെത്തിയിരുന്നു. പ്രതിഷേധവുമായി രംഗത്തെത്തുന്നവര്‍ ഇന്ത്യക്കാരനെപ്പോലെ ചിന്തിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനെ വിശ്വസിക്കണമെന്നും ശാസ്ത്രി പറഞ്ഞിരുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കിയാല്‍ പൗരത്വ നിയമ ഭേദഗതിയില്‍ ഒരുപാട് നല്ല കാര്യങ്ങളടങ്ങിയിട്ടുണ്ടെന്നും ഇന്ത്യന്‍ ടീമില്‍ പല മതക്കാരും ജാതിയിലുള്ളവരുമുണ്ട്. പക്ഷെ ആത്യന്തികമായി എല്ലാവരും ഇന്ത്യക്കാരാണെന്നും ശാസ്ത്രി പറഞ്ഞിരുന്നു.

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച്  പ്രതികരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ടീം നായകനായ വിരാട് കോലി ഒഴിഞ്ഞ് മാറിയിരുന്നു. നിയമത്തെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചും ശരിക്കും പഠിച്ചശേഷം പ്രതികരിക്കാമെന്നായിരുന്നു കോലിയുടെ പ്രതികരണം. നിയമത്തെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും അതുകൊണ്ടുതന്നെ ഉത്തരവാദിത്തമില്ലാത്ത പ്രതികരണത്തിനില്ലെന്നും കോലി പറഞ്ഞിരുന്നു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറോ, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോ പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ പരസ്യമായ നിലപാടെടുത്തിട്ടില്ല.

Follow Us:
Download App:
  • android
  • ios