ക്രിക്കറ്റ് പ്രേമികളെ കൂടുതല്‍ ത്രസിപ്പിക്കുന്നതായിരുന്നു ലാറയുടെ പ്രതികരണം.

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ വിജയം ആഘോഷിച്ച് ടീം ഇന്ത്യയുടെ മുൻ നായകൻ സുനിൽ ഗാവസ്‌കർ. കമന്റേറ്ററായി ബ്രിസ്‌ബേനിലുണ്ടായിരുന്ന ഗാവസ്‌കർ മത്സരശേഷം നടന്ന പാർട്ടിയിൽ സന്തോഷം പങ്കുവയ്‌ക്കുകയും ചെയ്തു. സഹ കമന്റേറ്ററായ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയും സന്തോഷത്തിൽ പങ്കാളിയായി. 

എന്നാല്‍ ക്രിക്കറ്റ് പ്രേമികളെ കൂടുതല്‍ ത്രസിപ്പിക്കുന്നതായിരുന്നു ലാറയുടെ പ്രതികരണം. 'നമ്മൾ ജയിച്ചു' എന്ന് പറഞ്ഞാണ് ഗാവസ്‌കറെ ലാറ ആലിംഗനം ചെയ്തത്. 32 വർഷമായി ഓസ്‌ട്രേലിയ തോൽവി അറിയാത്ത ഗാബയിൽ രണ്ടാം ഇന്നിംഗ്‌സില്‍ 328 റൺസ് പിന്തുട‍ർന്നായിരുന്നു ഇന്ത്യയുടെ ഐതിഹാസിക വിജയം. ജീവിതത്തിൽ എന്നെന്നും ഓ‍ർക്കുന്ന നിമിഷങ്ങൾ എന്നാണ് തന്റെ കൂടി പേരുള്ള ട്രോഫി സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്റെ വിജയത്തെ ഗാവസ്‌കർ വിശേഷിപ്പിച്ചത്. 

ടീം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പര്യടനങ്ങളിലൊന്നാണ് ഓസ്‌ട്രേലിയക്കെതിരെ അടുത്തിടെ അവസാനിച്ചത്. അജിങ്ക്യ രഹാനെയുടെ നായകത്വത്തില്‍ വിഖ്യാത ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ 2-1ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ശേഷമായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ തിരിച്ചുവരവ്. കാണികളുടെ വംശീയാധിക്ഷേപങ്ങളേയും പരിക്കിനേയും മറികടന്നുകൂടിയായിരുന്നു ടീം ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം. ടി20 പരമ്പരയും ഇന്ത്യക്കായിരുന്നു.

ഓസ്‌ട്രേലിയയില്‍ ടീം ഇന്ത്യയുടെ ഐതിഹാസിക ജയം വിശദമായി വായിക്കാം...