ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഫൈനലില്‍ പൂര്‍വാധികം കരുത്തോടെ പന്തെറിയാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി: ഏഷ്യാ കപ്പില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റുകളാണ് ജസ്പ്രിത് ബുമ്ര ഇതുവരെ വീഴ്ത്തിയത്. യുഎഇ, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരെ അദ്ദേഹം കളിച്ചിരുന്നു. യുഎഇക്കെതിരെ ആദ്യ മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ താരം 19 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. പാകിസ്ഥാനെതിരെ നാല് ഓവര്‍ പൂര്‍ത്തിയാക്കിയ 31കാരന്‍ 28 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് പേരെ പുറത്താക്കി. മുഹമ്മദ് ഹാരിസ്, സുഫിയാന്‍ മുഖീം എന്നിവരെയാണ് ബുമ്ര മടക്കിയത്. ഇപ്പോള്‍ ബുമ്രയ്ക്ക് വിശ്രമം നല്‍കണ നിര്‍ദേശം മുന്നോട്ട് വയ്ക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.
ഇന്ന് ഒമാനെതിരായ മത്സരത്തിന് മാത്രമല്ല, സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരത്തിലും ബുമ്രയ്ക്ക് വിശ്രമം നല്‍കണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ''ബുമ്രയ്ക്ക് ആവശ്യമായ വിശ്രമം നല്‍കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരത്തിലും വിശ്രമം നല്‍കുന്നതും നല്ലതാണ്. അങ്ങനെയെങ്കില്‍ ഫൈനലില്‍ പൂര്‍വാധികം കരുത്തോടെ അദ്ദേഹത്തിന് പന്തെറിയാന്‍ സാധിക്കും. മാത്രമല്ല, ബെഞ്ചിലിരിക്കുന്ന താരങ്ങളെ ഇന്ത്യ ഉപയോഗപ്പെടുത്തണം.'' ഗവാസ്‌കര്‍ പറഞ്ഞു.
ബാറ്റര്‍മാര്‍ക്ക് അവസരം നല്‍കുന്നതിനെ കുറിച്ച് ഗവാസ്‌കര്‍ സംസാരിച്ചതിങ്ങനെ... ''ഒമാനെതിരെ ആദ്യം ബാറ്റ് ചെയ്യുന്നതിനെ കുറിച്ച് ഇന്ത്യന്‍ ആലോചിക്കണം. അഭിഷേക് ശര്‍മ - ശുഭ്മാന്‍ ഗില്‍ സഖ്യം തന്നെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യട്ടെ. എന്നാല്‍ മൂന്നാം നമ്പറില്‍ കളിക്കുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സ്വയം താഴേക്ക് ഇറങ്ങട്ടെ. എന്നിട്ട് തിലക് വര്‍മയ്ക്കും സഞ്ജു സാംസണും കുറച്ച് നേരം ക്രീസില്‍ നില്‍ക്കാനുള്ള അവസരം ഒരുക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ക്ക് പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കും. പാകിസ്ഥാനെതിരെ മാത്രമല്ല സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവര്‍ക്കെതിരെ നല്ല രീതിയിലുള്ള തയ്യാറെടുപ്പ് നടത്താനും സാധിക്കും.'' ഗവാസ്‌കര്‍ കൂട്ടിചേര്‍ത്തു.
ഏഷ്യാ കപ്പില്‍ ഞായറാഴ്ച്ചയാണ് വീണ്ടും ഇന്ത്യാ-പാകിസ്ഥാന്‍ പോരാട്ടം വരുന്നത്. ദുബായ് ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് മത്സരത്തില്‍ ഇരു ടീമുകളും തമ്മിലുള ഹസ്തദാന വിവാദവും പാകിസ്ഥാന്റെ ബഹിഷ്‌കരണ ഭീഷണിയുമെല്ലാം ആരാധകര്‍ കണ്ടിരുന്നു. ഈ സാഹചര്യത്തില്‍ ഞായറാഴ്ച നടക്കുന്ന മത്സരം വീണ്ടും ശ്രദ്ധാ കേന്ദ്രമാകും. 24ന് ഇന്ത്യ ബംഗ്ലാദേശിനെയും 26ന് ഇന്ത്യ ശ്രീലങ്കയെയും സൂപ്പര്‍ ഫോറില്‍ നേരിടും.



