ഐപിഎല്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടും. ബാറ്റിംഗ് കരുത്തില്‍ ഇരുടീമുകളും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ബൗളിംഗിലും മുന്‍ മത്സരങ്ങളിലും ഹൈദരാബാദിന് മുന്‍തൂക്കമുണ്ട്.
ന്യൂ ചണ്ഡിഗഡ്: ഐപിഎല്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ന്യൂ ചണ്ഡിഗഡില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ജയിക്കുന്നവര്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ജീവന്‍മരണപ്പോരാട്ടമാണ്. ജയിക്കുന്നവര്‍ രണ്ടാം ക്വാളിഫയറില്‍. തോല്‍ക്കുന്നവര്‍ക്ക് മടക്കം. സണ്‍ റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും എലിമിനേറ്ററിലേക്ക് യോഗ്യത നേടിയത് പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായി.

ഇരുടീമും ഉറ്റുനോക്കുന്നത് ബാറ്റിംഗ് കരുത്തിലേക്ക്. തകര്‍ത്ത് അടിക്കുന്ന അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, ഹെന്റിച് ക്ലാസന്‍ എന്നിവര്‍ ക്രീസിലുറച്ചാല്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ വിയര്‍ക്കും. ഹൈദരാബാദ് ടോപ് ഓര്‍ഡറിനെ എത്രയും വേഗം പുറത്താക്കുക റോയല്‍സിന് അനിവാര്യം. വൈഭവ് സൂര്യവന്‍ഷി, യശസ്വീ ജയ്‌സ്വാള്‍ ഓപ്പണിംഗ് ജോഡിയുടെ പ്രകടനം രാജസ്ഥാന് നിര്‍ണായകം. വൈഭവ് ഫോമിലായാല്‍ സിക്‌സര്‍ പേമാരി ഉറപ്പ്. ധ്രുവ് ജുറല്‍, ക്യാപ്റ്റന്‍ റിയാന്‍ പരാഗ്, ഡൊണോവന്‍ ഫെറെയ്‌റ എന്നിവരും റണ്ണടിച്ചാലേ രാജസ്ഥാന് രക്ഷയുള്ളൂ.
പാറ്റ് കമ്മിന്‍സ് സണ്‍റൈസേഴ്‌സിനെ നയിക്കുമ്പോള്‍ ജോഫ്ര ആര്‍ച്ചറിലൂടെയാവും രാജസ്ഥാന്റെ മറുപടി. ബൗളിംഗ് കരുത്തില്‍ മേല്‍ക്കൈ ഹൈദരാബാദിന്. പവര്‍പ്ലേയിലെ ആര്‍ച്ചറിന്റെ ഓവറുകള്‍ കളിയുടെ ഗതിനിര്‍ണയിക്കും. സീസണില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ഹൈദാരാബാദിനൊപ്പം, 57 റണ്‍സിനും അഞ്ച് വിക്കറ്റിനും. ഈ രണ്ട് തോല്‍വിക്ക് പകരംവീട്ടാന്‍ കൂടിയുണ്ട് രാജസ്ഥാന്. ഇരുടീമും ഏറ്റുമുട്ടുന്ന ഇരുപത്തിനാലാമത്തെ മത്സരം. ഹൈദരാബാദ് 14ലും രാജസ്ഥാന്‍ ഒന്‍പതിലും ജയിച്ചു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്റിച്ച് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, സലില്‍ അറോറ, സ്മരണ്‍ രവിചന്ദ്രന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ശിവംഗ് കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ / പ്രഫുല്‍ ഹിന്‍ഗെ, ഇഷാന്‍ മലിംഗ, സാക്കിബ് ഹുസൈന്‍
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ദസുന്‍ ഷനക, ഡൊനോവന്‍ ഫെരേര, ജോഫ്ര ആര്‍ച്ചര്‍, ശുഭം ദുബെ, രവീന്ദ്ര ജഡേജ / രവി ബിഷ്ണോയ്, നന്ദ്രെ ബര്‍ഗര്‍, യഷ് രാജ് പുഞ്ജ, ബ്രിജേഷ് ശര്‍മ.

