ഇത്തവണ ചെന്നൈ ഐപിഎൽ കിരീടം നേടിയാൽ ധോണിയെ അടുത്തവർഷം കൂടി തുടരാൻ താൻ നിർബന്ധിക്കുമെന്ന് റെയ്ന

ചെന്നൈ: ചെന്നൈ സൂപ്പർ കിം​ഗ്സ് നായകൻ എം എസ് ധോണിയുടെ അവസാന ഐപിഎല്ലാകുമോ ഇത്തവണത്തേത്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ ചോദ്യത്തിന് മറുപടി നൽകുകയാണ് ചെന്നൈ ടീമിന്റെ 'ചിന്ന തല' ആയ സുരേഷ് റെയ്ന. ഇത്തവണ ചെന്നൈ ഐപിഎൽ കിരീടം നേടിയാൽ ധോണിയെ അടുത്തവർഷം കൂടി തുടരാൻ താൻ നിർബന്ധിക്കുമെന്ന് റെയ്ന പറഞ്ഞു.

ഈ സീസണിൽ ചെന്നൈ കിരീടം നേടിയാൽ അടുത്ത സീസണിലും കളിക്കണമെന്ന് ധോണിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. ഇനി ധോണി അടുത്ത ഐപിഎൽ സീസണിൽ കളിച്ചില്ലെങ്കിൽ താനും കളിക്കില്ലെന്നും ന്യൂസ് 24 സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ റെയ്ന തമാശയായി പറഞ്ഞു.

നാലോ അഞ്ചോ വർഷത്തെ ക്രിക്കറ്റ് ഇനിയും തന്നിൽ ബാക്കിയുണ്ടെന്നും കരിയറിൽ ചെന്നൈക്കു വേണ്ടി മാത്രമെ കളിക്കാൻ സാധ്യതയുള്ളൂവെന്നും റെയ്ന പറഞ്ഞു. അടുത്ത വർഷം ഐപിഎല്ലിൽ പുതുതായി രണ്ട് ടീമുകൾ കൂടി എത്തും. പക്ഷെ കളിക്കുന്ന കാലത്തോളം ഞാൻ ചെന്നൈക്കു വേണ്ടി മാത്രം കളിക്കാനാണ് സാധ്യത. ഈ വർഷം ചെന്നൈക്ക് മികച്ച പ്രകടനം നടത്താനാവുമെന്നാണ് കരുതുന്നതെന്നും റെയ്ന പറഞ്ഞു.

കഴിഞ്ഞ വർഷം ഓ​ഗസ്റ്റ് 15ന് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 40കാരനായ ധോണി അടുത്ത സീസണിൽ ചെന്നൈയെ നയിക്കാനെത്തിയില്ലെങ്കിൽ നായകസ്ഥാനത്ത് ഏറ്റവും കൂടുതൽ സാധ്യത 34കാരനായ റെയ്നക്കായിരിക്കും.

കഴിഞ്ഞ ഐപിഎൽ സീസണിൽ പ്ലേ ഓഫ് യോഗ്യത നേടാതിരുന്ന ചെന്നൈ ഇത്തവണ ഏഴ് കളികളിൽ അ‍ഞ്ച് ജയവുമായി പോയന്റ് പട്ടികയിൽ ഡൽഹിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്. കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ സെപ്റ്റംബറിൽ യുഎഇയിൽ പുനരാരംഭിക്കും.

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona