അവസാന കളിച്ച ഏഴ് മത്സരങ്ങളിലും അക്സർ പട്ടേലിന് കാര്യമായി തിളങ്ങാൻ സാധിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ നാല് ടി-20 മത്സരങ്ങളിൽ നിന്ന് രണ്ടും അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ടും വിക്കറ്റുകൾ മാത്രമാണ് അക്സറിന് നേടാനായത്.
മുംബൈ: അടുത്ത മാസം നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സ്പിൻ ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയെ വീണ്ടും ടി20 ടീമിലേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ അക്സര്‍ പട്ടേല്‍ നിറം മങ്ങിയതിന് പിന്നാലെ ടി20 ഫോർമാറ്റിൽ മികച്ചൊരു ഇടങ്കയ്യൻ സ്പിൻ ഓള്‍ റൗണ്ടറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീം മാനേജ്‌മെന്‍റ്.
അവസാന കളിച്ച ഏഴ് മത്സരങ്ങളിലും അക്സർ പട്ടേലിന് കാര്യമായി തിളങ്ങാൻ സാധിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ നാല് ടി-20 മത്സരങ്ങളിൽ നിന്ന് രണ്ടും അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ടും വിക്കറ്റുകൾ മാത്രമാണ് അക്സറിന് നേടാനായത്. ഈ സാഹചര്യത്തിലാണ് അനുഭവസമ്പന്നനായ ക്രുനാൽ പാണ്ഡ്യയുടെ പേര് സെലക്ടർമാരുടെ പരിഗണനയിലേക്ക് വരുന്നത്. 2021-ലെ ശ്രീലങ്കൻ പര്യടനത്തിലാണ് 35കാരനായ ക്രുനാൽ അവസാനമായി ഇന്ത്യൻ ടി20 കുപ്പായത്തിൽ കളിച്ചത്. എന്നാൽ സമീപകാല ഐപിഎൽ സീസണുകളിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.
2026 ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി 14 വിക്കറ്റുകൾ വീഴ്ത്തി ക്രുനാൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ഇടങ്കയ്യൻ സ്പിൻ ഓൾറൗണ്ടർ സ്ഥാനത്ത് ക്രുനാലിനെ തിരികെ കൊണ്ടുവരാൻ സെലക്ടർമാർ തയ്യാറാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇന്ത്യക്കായി അഞ്ച് ഏകദിനങ്ങളിലും 19 ടി20 മത്സരങ്ങളിലും ക്രുനാല്‍ കളിച്ചിട്ടുണ്ട്. ടി20യിൽ 124 റണ്‍സും 15 വിക്കറ്റുമാണ് ക്രുനാലിന്‍റെ നേട്ടം. ഹാർദിക് പാണ്ഡ്യയ്ക്ക് പുറമെ സഹോദരൻ ക്രുനാൽ കൂടി എത്തുന്നതോടെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ ഇന്ത്യയുടെ ഓൾറൗണ്ട് നിര കൂടുതൽ ശക്തമാകും.
