ലക്‌നൗവിനെതിരെ അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് സൂര്യ 427 റണ്‍സുമായി ഒന്നാമതെത്തിയത്. 

മുംബൈ: ഐപിഎല്‍ 18-ാം സീസണിലാദ്യമായി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി മുംബൈ ഇന്ത്യസിന്റെ സൂര്യുകമാര്‍ യാദവ്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 28 പന്തില്‍ 54 റണ്‍സ് നേടിയതോടെയാണ് ഓറഞ്ച് ക്യാപ്പ് സൂര്യയുടെ തലയിലായത്. 10 മത്സരങ്ങള്‍ കളിച്ച സൂര്യക്ക് ഇപ്പോള്‍ 427 റണ്‍സായി. 61.00 ശരാശരിയിലാണ് നേട്ടം. 169.44 സ്‌ട്രൈക്ക് റേറ്റും സൂര്യക്കുണ്ട്. രണ്ടാം സ്ഥാനത്തുള്ള സായ് സുദര്‍ശനേക്കാള്‍ 10 റണ്‍സ് മാത്രം മുന്നിലാണ് സൂര്യ. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ഇതുവരെ 417 റണ്‍സാണ് നേടിയത്. 52.12 ശരാശരിയും 152.19 സ്‌ട്രൈക്ക് റേറ്റുമാണ് സായിക്ക്.

10 മത്സരങ്ങില്‍ 404 റണ്‍സ് നേടിയ ലക്‌നൗവിന്റെ നിക്കോളാസ് പുരാന്‍ മൂന്നാം സ്ഥാനത്ത്. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ 27 റണ്‍സ് നേടിയതോടെയാണ് പുരാന്‍ ആദ്യ മൂന്നിലെത്തിയത്. ഇതോടെ വിരാട് കോലി നാലാം സ്ഥാനത്തായി. ഒമ്പത് മത്സരങ്ങളില്‍ 392 റണ്‍സാണ് കോലി നേടിയത്. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 40 റണ്‍സെങ്കിലും നേടിയാല്‍ കോലി ഓറഞ്ച് ക്യാപ്പും തൂക്കും. ലക്‌നൗവിന്റെ മിച്ചല്‍ മാര്‍ഷ് അഞ്ചാമതാണ്. ഒമ്പത് മത്സരങ്ങില്‍ 375 റണ്‍സാണ് മാര്‍ഷ് നേടിയത്. 

ജോസ് ബട്‌ലര്‍ (356), യശസ്വി ജയ്‌സ്വാള്‍ (356), എയ്ഡന്‍ മാര്‍ക്രം (335), പ്രിയാന്‍ഷ് ആര്യ (323), കെ എല്‍ രാഹുല്‍ (323) എന്നിവര്‍ യഥാക്രമം ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍. അതേസമയം, പര്‍പ്പിള്‍ ക്യാപ്പിനുള്ള പോരില്‍ 16 വിക്കറ്റ് വീതം നേടിയ പ്രസിദ്ധ് കൃഷ്ണയും ജോഷ് ഹേസല്‍വുഡും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്താണ്. ഗുജറാത്ത് ടൈറ്റന്‍സ് പേസറായ പ്രസിദ്ധ് എട്ട് മത്സരങ്ങളാണ് കളിച്ചത്. ഹേസല്‍വുഡ് ആര്‍സിബിക്ക് വേണ്ടി ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. അവസാന മത്സരത്തില്‍ നാല് വിക്കറ്റാണ് ഓസീസ് പേസര്‍ വീഴ്ത്തിയത്. 

ഒമ്പത് മത്സരങ്ങളില്‍ 14 പേരെ പുറത്താക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്പിന്നര്‍ നൂര്‍ അഹമ്മദ് മൂന്നാം സ്ഥാനത്തുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹര്‍ഷല്‍ പട്ടേല്‍ 13 വിക്കറ്റുമായി നാലാമത്. 12 വിക്കറ്റുകള്‍ വീതം നേടിയ കുല്‍ദീപ് യാദവ്, സായ് കിഷോര്‍, മുഹമ്മദ് സിറാജ്, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, ഹാര്‍ദിക് പാണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുണ്ട്.