സൂര്യകുമാറിന് മികച്ച അവസരമാണ് അയർലന്‍ഡ് പര്യടനമെന്നും അദ്ദേഹം റണ്‍സ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ എന്നും രോഹന്‍ ഗാവസ്കർ
ഡബ്ലിന്‍: വരുന്ന ടി20 ലോകകപ്പില്‍(ICC Men's T20 World Cup 2022) ഇന്ത്യന്‍ ടീമിലിടം പിടിക്കുന്ന ആദ്യ താരങ്ങളിലൊരാള്‍ മധ്യനിര ബാറ്റർ സൂര്യകുമാർ യാദവായിരിക്കുമെന്ന്(Suryakumar Yadav) ഇന്ത്യന്‍ മുന്‍താരം രോഹന്‍ ഗാവസ്കർ. 'ടി20 ലോകകപ്പിനുള്ള സ്ക്വാഡില്‍ ഇടംനേടുന്ന ആദ്യ താരങ്ങളിലൊരാള്‍ സൂര്യകുമാറായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബഹുമുഖപ്രതിഭയും മികച്ച താരവുമാണ് സൂര്യകുമാർ. താരം ഫോം നിലനിർത്തേണ്ടത് ആവശ്യമാണ്. അതിനാല്‍ സൂര്യകുമാറിന് മികച്ച അവസരമാണ് അയർലന്‍ഡ് പര്യടനമെന്നും അദ്ദേഹം റണ്‍സ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ' എന്നും രോഹന്‍ ഗാവസ്കർ(Rohan Gavaskar) സ്പോർട്സ് 18നോട് പറഞ്ഞു.
സഞ്ജുവിനെ കളിപ്പിക്കണോ?
'ദിനേശ് കാർത്തിക്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നീ മൂന്ന് പേരെയും ഇന്ത്യക്ക് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാം. പക്ഷേ വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തിക്കിന്‍റെ പേരാണ് ഞാന്‍ മുന്നോട്ടുവെക്കുന്നത്. സഞ്ജുവിനെയും ഇഷാനേയും സ്പെഷ്യലിസ്റ്റ് ബാറ്റർമാരായി ഇറക്കാം' എന്നും രോഹന്‍ ഗാവസ്കർ സ്പോർട്സ് 18നോട് കൂട്ടിച്ചേർത്തു.
ഇന്ത്യക്കായി ഏഴ് ഏകദിനങ്ങളും 14 ടി20കളും മാത്രമാണ് സൂര്യകുമാർ യാദവ് കളിച്ചിട്ടുള്ളൂവെങ്കിലും ലഭിച്ച അവസരങ്ങളില്‍ താരം ഗംഭീര മികവ് പ്രകടിപ്പിച്ചിരുന്നു. ഏഴ് ഏകദിനങ്ങളില്‍ 53.4 ബാറ്റിംഗ് ശരാശരിയില്‍ 267 റണ്‍സ് 31കാരനായ സൂര്യകുമാറിനുണ്ട്. 64 ആണ് ഉയർന്ന സ്കോർ. 14 ടി20യില്‍ 39.0 ശരാശരിയില്‍ 351 റണ്‍സും നേടി. 65 ആണ് ഉയർന്ന സ്കോറെങ്കില്‍ പ്രഹരശേഷി 165.57. രാജ്യാന്തര കരിയറില്‍ 6 അർധ സെഞ്ചുറികള്‍ നേട്ടം. ഐപിഎല്‍ കരിയറില്‍ 123 മത്സരങ്ങളില്‍ 30.05 ശരാശരിയിലും 136.78 സ്ട്രൈക്ക് റേറ്റിലും 2644 റണ്‍സും സൂര്യക്ക് സമ്പാദ്യമായുണ്ട്. ഐപിഎല്ലില്‍ 16 ഫിഫ്റ്റി നേടി.
അയർലന്‍ഡിനെതിരെ നാളെ ആരംഭിക്കുന്ന രണ്ട് ടി20കളുടെ പരമ്പരയില്‍ സൂര്യകുമാർ യാദവ് ഇന്ത്യക്കായി ഇറങ്ങും. ടി20 ഫോര്‍മാറ്റില്‍ അപകടകാരിയായ സൂര്യകുമാര്‍ മൂന്നാം നമ്പറില്‍ തന്നെ ഇറങ്ങാനാണ് സാധ്യത. സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ കളിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി എന്നിവരുടെ വെല്ലുവിളി മറികടക്കേണ്ടി വരും. ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം യുസ്‌വേന്ദ്ര ചഹലും സ്ഥാനം നിലനിര്‍ത്തിയേക്കും. അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കിനും ഡെത്ത് ഓവറുകളില്‍ കൃത്യതയോടെ പന്തെറിഞ്ഞ് ഐപിഎല്ലില്‍ താരമായ അര്‍ഷ്ദീപ് സിംഗിനും അരങ്ങേറ്റം അനുവദിക്കുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അയർലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീം: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.
IRE vs IND : അയർലന്‍ഡ്-ഇന്ത്യ ആദ്യ ടി20; മത്സരത്തിന്‍റെ ആവേശം ചോർത്തുമോ മഴ?
