ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിലെ തോൽവിക്ക് ശേഷം, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഓസീസ് പേസർ ജോഷ് ഹേസൽവുഡിന്റെ പ്രകടനത്തെ പ്രശംസിച്ചു. 

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടി20 മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും അവരുടെ പേസര്‍ ജോഷ് ഹേസല്‍വുഡിനെ വാഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. മത്സരത്തിലെ താരവും ഹേസല്‍വുഡ് ആയിരുന്നു. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ഹേസല്‍വുഡ് വീഴ്ത്തിയത്. ഓസീസിന്റെ ജയത്തില്‍ നിര്‍ണായകമായിരുന്നു ഹേസല്‍വുഡിന്റെ പ്രകടനം. അപകടകാരികളായ ശുഭ്മാന്‍ ഗില്‍ (5), സൂര്യകുമാര്‍ യാദവ് (1), തിലക് വര്‍മ (0) എന്നിവരെയാണ് ഹേസല്‍വുഡ് മടക്കിയത്. അതിന് പിന്നാലെയാണ് ഹേസല്‍വുഡിനെ വാഴ്ത്തി സൂര്യ രംഗത്ത് വന്നത്.

സൂര്യയുടെ വാക്കുകള്‍... ''പവര്‍പ്ലേയില്‍ അദ്ദേഹം പന്തെറിഞ്ഞ രീതി കയ്യടികള്‍ അര്‍ഹിക്കുന്നു. തുടക്തത്തില്‍ തന്നെ നാല് വിക്കറ്റുകള്‍ നഷ്ടമായാല്‍, അത് വീണ്ടെടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ക്രെഡിറ്റ് അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്, അദ്ദേഹം വളരെ നന്നായി പന്തെറിഞ്ഞു.'' സൂര്യകുമാര്‍ വ്യക്തമാക്കി.

ഇന്ത്യക്ക് വേണ്ടി ഒറ്റയാള്‍ പ്രകടനം പുറത്തെടുത്ത അഭിഷേക് ശര്‍മയെ കുറിച്ചും സൂര്യകുമാര്‍ യാദവ് വാചാലനായി. ''അഭിഷേക് കുറച്ച് കാലമായി ഇതുതന്നെ ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് തന്റെ കളി അറിയാം, തന്റെ വ്യക്തിത്വം അറിയാം, അദ്ദേഹം അത് മാറ്റാത്തത് നല്ലതാണ്. അതുതന്നെയാണ് അഭിഷേകിന്റെ വിജയത്തിന് പിന്നില്‍. അദ്ദേഹം തന്റെ ശൈയില്‍ ഉറച്ച് നില്‍ക്കുകയും ഇതുപോലുള്ള നിരവധി ഇന്നിംഗ്‌സുകള്‍ ഞങ്ങള്‍ക്ക് വേണ്ടി കളിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.'' സൂര്യ പറഞ്ഞു.

നാല് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഓസീസ് 13.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മിച്ചല്‍ മാര്‍ഷ് 46 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ട്രാവിസ് ഹെഡ് (28), ജോഷ് ഇംഗ്ലിസ് (20) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലെത്തി.

YouTube video player