മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ കിരീട ധാരണത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ച താരങ്ങളില്‍ ഒരാളാണ് സൂര്യകുമാര്‍ യാദവ്. ബാറ്റുകൊണ്ട് തിളങ്ങിയ താരം പലനിര്‍ണായക സന്ദര്‍ഭങ്ങളിലും ടീമിന്റെ നെടുംതൂണായി. എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അ്‌ദ്ദേഹത്തിന് ടീമിന് ഇടം ലഭിച്ചില്ല. ഉറപ്പായും താരം ടീമിലുണ്ടാകുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ താരം പുറത്തായി.

അതിനെ കുറിച്ച് സംസാരിക്കുകയാണ് സൂര്യകുമാര്‍. ടീമില്‍ ഇടം കിട്ടാത്തതില്‍ നിരാശയുണ്ടെന്നാണ് സൂര്യകുമാര്‍ വ്യക്തമാക്കി... ''ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംകിട്ടാത്തതില്‍ നിരാശയുണ്ട്. ഇത്തവണ അവസരം ലഭിച്ചില്ലെങ്കിലും വൈകാതെ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ.'' സൂര്യകുമാര്‍ വ്യക്തമാക്കി.

അടുത്തിടെ ഒരു അനാവശ്യ വിവാദത്തിലും സൂര്യകുമാര്‍ ചെന്നുചാടി. ഓസീസ് പര്യടനത്തില്‍ നിന്ന് രോഹിത് ശര്‍മയെ സെലക്ടര്‍മാര്‍ ആദ്യം ഒഴിവാക്കിയതിനെതിരെ ഒരു ആരാധകന്‍ കോലിയെ കടലാസ് ക്യാപ്റ്റനെന്ന് കളിയാക്കിയിട്ട ട്രോളില്‍ പോയി ലൈക്ക് അടിച്ചാണ് സൂര്യകുമാര്‍ പുലിവാല് പിടിച്ചത്.

സൂര്യകുമാറിന്റെ ലൈക്ക് ആരാധകര്‍ പ്രത്യേകം ശ്രദ്ധിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതോടെ ലൈക്ക് പിന്‍വലിച്ച് സൂര്യകുമാര്‍ വിവാദത്തില്‍ നിന്ന് തടിയൂരി. ഐപിഎല്ലില്‍ മുംബൈ ബാംഗ്ലൂര്‍ മത്സരത്തില്‍ മുംബൈയെ ജയപ്പിച്ചത് സൂര്യകുമാറായിരുന്നു. മത്സരത്തിനിടെ കോലി സൂര്യകുമാറിനെ നോക്കി കണ്ണുരുട്ടിയത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.