ശ്രേയസ് അയ്യര്‍ സഞ്ജു സാംസണ്‍ എന്നിവരെ മറികടന്നാണ് സ്‌കൈയുടെ പേസ് സ്റ്റൈറിസ് മുന്നോട്ടുവെക്കുന്നത്

മുംബൈ: ടി20യില്‍ ടീം ഇന്ത്യയുടെ(Team India) നാലാം നമ്പറില്‍ വരേണ്ടത് സൂര്യകുമാര്‍ യാദവ്(Suryakumar Yadav) എന്ന് ന്യൂസിലന്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്റ്റൈറിസ്(Scott Styris). ശ്രേയസ് അയ്യര്‍(Shreyas Iyer), സഞ്ജു സാംസണ്‍(Sanju Samson) എന്നിവരെ മറികടന്നാണ് സ്‌കൈയുടെ പേസ് സ്റ്റൈറിസ് മുന്നോട്ടുവെക്കുന്നത്. സൂര്യകുമാര്‍ യാദവില്ലാത്ത ഇന്ത്യന്‍ ടീമിനെ കാണുന്നത് എതിരാളികള്‍ക്ക് സന്തോഷമാണ് എന്നും സ്റ്റൈറിസ് കൂട്ടിച്ചേര്‍ത്തു. 

'എന്നേക്കാള്‍ വലിയ സ്‌കൈ ആരാധകര്‍ ലോകത്ത് കുറച്ചുപേരേ കാണൂ. സൂര്യകുമാര്‍ ടീമിലില്ലെങ്കില്‍ എതിര്‍ ടീമുകള്‍ക്ക് ആശ്വാസമാണ്. ടി20 ലോകകപ്പിലുള്ള ടീമില്‍ ആദ്യം സ്ഥാനമുറപ്പിക്കുന്ന താരങ്ങളിലൊരാള്‍ അദ്ദേഹമാണെന്ന് എല്ലാവരും പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. എന്തുകൊണ്ടാണ് സൂര്യകുമാറിന്‍റെ പേര് എല്ലാവരും പറയുന്നത് എന്നറിയാം. മാച്ച് വിന്നിംഗ് പ്രതിഭയുള്ള താരമാണ് അയാള്‍. മാച്ച് ഒറ്റയ്‌ക്ക് ജയിപ്പിക്കാനുള്ള ശക്തി സ്‌കൈയ്‌ക്കുണ്ട്' എന്നും സ്റ്റൈറിസ് പറയുന്നു. 

'മാച്ച് വിന്നിംഗ്‌സ് മികവ് ഗുണകരം' 

'ഇന്ത്യക്ക് രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും വിരാട് കോലിയുമുണ്ട്. ഇവര്‍ മൂന്നുപേരുമാകും മുന്‍നിര. ശേഷം വരേണ്ട താരം കൃത്യമായും കരുത്തനായ സൂര്യകുമാറാണ്. ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ മുതലായവരെയാണ് അദ്ദേഹത്തിന് മറികടക്കാനുള്ളത്. ഫോമാണ് ഘടകം, മാച്ച് വിന്നിംഗ്‌സ് ഇന്നിംഗ്‌സ് പേരിലുള്ള താരമാകണം ടീമിലെത്തേണ്ടത് എന്നും ഉറപ്പിക്കണം. സമ്മര്‍ദമില്ലാതെ കളിക്കുന്ന താരം. മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ വലിയ സമ്മര്‍ദത്തിലും ആരാധകക്കടലിന് ഇടയിലും കളിച്ചുള്ള പരിചയം സൂര്യകുമാറിന് മുതല്‍ക്കൂട്ടാണ്' എന്നും സ്‌കോട്ട് സ്റ്റൈറിസ് ഒരു ഷോയില്‍ വ്യക്തമാക്കി. 

രാജ്യാന്തര ടി20യില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. 19 മത്സരങ്ങളില്‍ 38.35 ശരാശരിയിലും 177.22 സ്‌ട്രൈക്ക് റേറ്റിലും 537 റണ്‍സ് സ്വന്തം. കഴിഞ്ഞ പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ട്രെന്‍ഡ് ബ്രിഡ്‌ജിലെ അവസാന ടി20യില്‍ 55 പന്തിൽ 14 ഫോറും 6 സിക്‌സും സഹിതം സൂര്യകുമാര്‍ 117 റൺസെടുത്തിരുന്നു. മൂന്ന് വിക്കറ്റിന് 31 റൺസെന്ന നിലയിൽ ഇന്ത്യ തകർച്ചയുടെ മുന്നിൽ നിൽക്കുമ്പോഴായിരുന്നു സൂര്യകുമാറിന്‍റെ വെടിക്കെട്ട്. 48 പന്തിലായിരുന്നു സ്‌കൈയുടെ സെഞ്ചുറി. നാലാം നമ്പറിൽ ഒരു താരത്തിന്‍റെ ഏറ്റവുമുയർന്ന സ്കോറാണ് സൂര്യകുമാർ കുറിച്ചത്. 

സൂര്യകുമാര്‍ യാദവിന്‍റെ രാജ്യാന്തര ടി20യിലെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് ട്രെന്‍ഡ് ബ്രിഡ്‌ജില്‍ പിറന്നത്. അന്താരാഷ്‍ട്ര ടി20യിൽ സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യൻ താരമായി സൂര്യകുമാർ യാദവ്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൽ മികച്ച പ്രകടനം തുടർന്നപ്പോഴും ഇന്ത്യൻ ടീമിലെ അരങ്ങേറ്റം വൈകിയ സൂര്യകുമാർ യാദവ് ടി20 ലോകകപ്പിലെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരം 123 മത്സരങ്ങളില്‍ 2644 റണ്‍സും നേടിയിട്ടുണ്ട്. 

Suryakumar Yadav : ഒന്നും പറയാനില്ല! സൂര്യകുമാർ യാദവിന്‍റേത് ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ച പ്രകടനം