ഐപിഎല്ലിന്‍റെ ഈ സീസണില്‍ 16 വിക്കറ്റുകള്‍ ഉമേഷ് വീഴ്‌ത്തിയിരുന്നു. 7.06 ആണ് ഇക്കോണമിയെങ്കില്‍ 4/23 ആണ് മികച്ച ബൗളിംഗ് പ്രകടനം.

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) മികച്ച പ്രകടനം പുറത്തെടുത്ത നിരവധി ഇന്ത്യന്‍ പേസര്‍മാരുണ്ട്. ഇവര്‍ക്കിടയില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത പേരാണ് നാല് വിക്കറ്റ് നേട്ടം പേരിലുണ്ടായിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ(KKR) ഉമേഷ് യാദവിന്‍റേത്(Umesh Yadav). മുപ്പത്തിനാലുകാരനായ ഉമേഷിന്‍റെ പേസും സ്വിങും ഇന്ത്യന്‍ സ്‌പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗിന്‍റെ(Harbhajan Singh) മനം കവര്‍ന്നു എന്നതാണ് വസ്‌തുത. 

'ഉമേഷ് യാദവ് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌‌‌സിനായി അദേഹം ആസ്വദിച്ച് കളിച്ചു. ആ ടീം അദേഹത്തിന് ആത്മവിശ്വാസം നല്‍കി. പഴയ ദിനങ്ങളിലെ പോലെ ഉമേഷ് 145 കിലോമീറ്റര്‍ വേഗത്തില്‍ സ്വിങ് എറിയുന്നത് കാണാനായി' എന്നും ഭാജി പറഞ്ഞു. മറ്റ് ചില ഇന്ത്യന്‍ പേസര്‍മാരെക്കൂടി ഹര്‍ഭജന്‍ പ്രശംസിച്ചു. 'ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനത്തില്‍ സംതൃപ്‌തനാണ്. ഉമ്രാന്‍ മാലിക്, പ്രസിദ്ധ് കൃഷ്‌ണ, മൊഹ്‌സീന്‍ ഖാന്‍ എന്നിവര്‍ മികച്ചുനിന്നു. മുമ്പ് ഇങ്ങനെയൊന്നുമായിരുന്നില്ല. മുമ്പ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും പാകിസ്ഥാനും വമ്പന്‍ പേസ് നിരയുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യക്കും ഇതുപോലെ പേസ് നിരയുണ്ടായി' എന്നും മുന്‍താരം കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്ലിന്‍റെ ഈ സീസണില്‍ 16 വിക്കറ്റുകള്‍ ഉമേഷ് വീഴ്‌ത്തിയിരുന്നു. 7.06 ആണ് ഇക്കോണമിയെങ്കില്‍ 4/23 ആണ് മികച്ച ബൗളിംഗ് പ്രകടനം. മികച്ച പേസിനൊപ്പം ലൈനും ലെങ്‌തും കാത്തുസൂക്ഷിച്ചാണ് ഉമേഷിന്‍റെ പ്രകടനമെല്ലാം. ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, മൊഹ്‌സീന്‍ ഖാന‍്, മുകേഷ് ചൗധരി, ഉമ്രാന്‍ മാലിക് എന്നിവരെല്ലാം പേസുകൊണ്ട് സീസണില്‍ ശ്രദ്ധ നേടിയിരുന്നു. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേ ആരൊക്കെ പേസര്‍മാരായി ടീമില്‍ ഇടംപിടിക്കും എന്നത് വലിയ ആകാംക്ഷയാണ്. 

Team India : മാരത്തണ്‍ പര്യടനങ്ങള്‍, പരമ്പരകള്‍; ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന് മത്സരങ്ങളുടെ മേള